Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

അർജന്റീനക്ക് സമനിലക്കുരുക്ക്

Russia World Cup 2018

കന്നി ലോകകപ്പിനിറങ്ങുന്ന ഐസ്‌ലാന്റ് അർജന്റീനയെ സമനിലയിൽ തളച്ചു. വെറും മൂന്നര ലക്ഷം മാത്രം ജനസംഖ്യയുള്ള ആ കൊച്ചു രാജ്യത്ത് നിന്നും, കളിയുടെ വീറും വാശിയും നെഞ്ചിലേറ്റി ഒരേ മനസ്സോടെ പോരാടിയ ഐസ്ലാന്റ് താരങ്ങൾ, ലോകകപ്പിലെ തങ്ങളുടെ ആദ്യഗോളും, ആദ്യ പോയന്റും സ്വന്തമാക്കി.
പത്തൊൻപതാം മിനുട്ടിൽ സെർജിയോ അഗ്യൂറൊ അർജന്റീനയെ മുന്നിലെത്തിച്ചു. സ്വതസിദ്ധമായ ശൈലിയിൽ പാസ്സുകൾ നല്കി കളം നിറഞ്ഞ് കളിച്ച അർജന്റീനയ്ക്ക് മുൻതൂക്കം ലഭിച്ചെങ്കിലും, നാലു മിനുട്ടുകൾക്ക് ശേഷം അർജന്റീനിയൻ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കികൊണ്ട് ഐസ്്ലാന്റ് സമനില പിടിച്ചു. ഫിൻബൊഗാസൺ അങ്ങനെ ലോകകപ്പിൽ ഐസ്‌ലാന്റിന്റെ കന്നിഗോൾ നേടിക്കൊണ്ട് ചരിത്രം എഴുതി.ആദ്യപകുതിയിൽ അർജന്റീന പന്ത് 79 ശതമാനത്തോളം കയ്യിൽ വച്ചെങ്കിലും, പിഴവുകളില്ലാത്ത പ്രതിരോധം തകർത്ത് മുന്നേറാൻ സാധിച്ചില്ല. ഒറ്റപെട്ട ചില കൗണ്ടർ അറ്റാക്കുകളിൽ ഒതുങ്ങി ഐസ്‌ലാന്റിന്റെ ആക്രമണം. അതിൽ ചിലത് ഗോൾ ആകുമെന്ന് വരെ തോന്നിച്ചു.രണ്ടാം പകുതിയിലും സ്ഥിതി മറിച്ചായിരുന്നില്ല. മെസ്സി നാലുപേർ ചേർന്ന് മാർക്ക് ചെയ്യപെട്ട വലയത്തിൽ ആയിരുന്നു. വൺ ടു വൺ പാസ്സുകൾ കൊണ്ട് മറികടക്കാൻ ശ്രമിച്ചെങ്കിലും പലപ്പോഴും പരാജയപെട്ടു. ചില ഷോട്ടുകൾ, ഗോളി ഹൽഡോർസൺ തടഞ്ഞു. ഡി മറിയയിൽ നിന്നും മികച്ച ഒരു നീക്കം പോലും ഉണ്ടായില്ല. അറുപത്തിനാലാം മിനുട്ടിൽ അർജന്റീനയ്ക്ക് പെനാൽറ്റി ലഭിച്ചു. ലീഡ് നേടാനുള്ള സുവർണ്ണാവസരം ആയിരുന്നു ഇത്. എന്നാൽ മെസ്സി എടുത്ത കിക്ക് ഗോൾകീപ്പർ ഹൽഡോർസൺ തട്ടിയിട്ടു. നിർഭാഗ്യവും നിരാശയും കലർന്ന നിമിഷം. മെസ്സി ആരാധകരുടെ ആരവങ്ങൾ നിലച്ച ചില നിമിഷങ്ങൾ ആയിരുന്നു അത്. കളിയിലുടനീളം കളം നിറഞ്ഞ് കളിച്ചിട്ടും, മെസ്സി ഐസ്‌ലാന്റ് ഗോളിക്ക് മുന്നിൽ മുട്ടുകുത്തി. പിന്നീട് നിരവധി ഷോട്ടുകളും, ഫ്രീ കിക്കുകളും ലക്ഷ്യം കാണാതെ പോയി. ഡി മറിയക്ക് പകരക്കാരനായി ഇറങ്ങിയ പാവോൺ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അതൊന്നും അർജന്റീനയെ വിജയത്തിലെത്തിക്കാനുള്ളതായിരുന്നില്ല.
ലോകം മെസ്സിയുടെ പ്രകടനത്തിനായി ഉറ്റ് നോക്കിയ മത്സരത്തിൽ, പതറാത്ത പ്രതിരോധത്തിനു മുന്നിൽ പലതവണ ലക്ഷ്യം കാണാൻ പറ്റാതെ മെസ്സി മടങ്ങുമ്പോൾ, അവിടെ സമനിലയിലും വിജയം കണ്ടത് ഉശിരോടെ പോരാടിയ ഐസ്‌ലാന്റ് തന്നെയാണ്‌. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ അവരെ അംഗീകരിച്ചു കഴിഞ്ഞു. വീറോടെ പോരാടുന്ന ഐസ്‌ലാന്റ് മുന്നിൽ തന്നെയുണ്ട്, കൂടെ പ്രസിദ്ധമായ വൈക്കിങ്ങ് ക്ലാപ്പുകളുമായി അവരുടെ ജനതയും.

Leave A Reply

Your email address will not be published.