Take a fresh look at your lifestyle.

ഇഞ്ചുറി ടൈമിൽ രക്ഷപെട്ട് ബ്രസീൽ

FIfa World Cup

കോസ്റ്റാറിക്കയുടേ ഗോളി നവാസിന്റെ ചെറുത്ത് നില്പ്പിനു മുന്നിൽ പതറി ഒടുവിൽ രണ്ട് ഗോളുകൾ അടിച്ച് ബ്രസീൽ ആദ്യജയം നേടി. ഇഞ്ചുറി ടൈമിൽ ഫിലിപ് കൂട്ടീഞ്ഞോയും നെയ്മറും ലക്ഷ്യം കണ്ടു.

പ്രതിരോധത്തിലൂന്നി കളിച്ച കോസ്റ്റാറിക്കയുടെ മേൽ ആധിപത്യം ഉറപ്പിക്കാൻ നിരവധി അവസരങ്ങൾ ബ്രസീലിനു ലഭിച്ചെങ്കിലും, നവാസ് തളരാതെ നിന്നു. മികച്ച അനേകം സേവുകൾ കൊണ്ട് ബ്രസീലിന്റെ ആത്മവിശ്വാസം കെടുത്തി. കോസ്റ്റാറിക്കയ്ക്ക് പറയത്തക്ക അവസരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല. ബ്രസീലിനു വേണ്ടി കളത്തിലിറങ്ങിയ വില്ല്യൻ മോശം പ്രകടനം കാഴ്ചവച്ചു. ആദ്യപകുതിക്ക് ശേഷം വില്ല്യനു പകരം ഇറങ്ങിയ ഡഗ്ളസ് കോസ്റ്റ മികച്ച കുറേ നീക്കങ്ങൾ സൃഷ്ടിച്ചത് കോസ്റ്റാറിക്കക്കു മേൽ വിജയം നേടാമെന്ന തോന്നൽ ഉളവാക്കി. എങ്കിലും ഗോൾ അകന്നു നിന്നു. കളി തീരാനിരിക്കെ ബ്രസീൽ താരം നെയ്മറിനെ ഫൗൾ ചെയ്തതിന്‌ റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ തുടർന്നുണ്ടായ വീഡിയോ പരിശോധനയിൽ ഫൗൾ അല്ലായെന്ന് തെളിയുകയും, പെനാൽറ്റി ഒഴിവാക്കുകയും ചെയ്തു. മത്സരം ഇഞ്ചുറി ടൈമിലേക്ക് നീണ്ടു. ആറു മിനിട്ട് കൂട്ടി കിട്ടിയ ആവേശത്തിൽ ബ്രസീൽ തങ്ങളുടെ മുഴുവൻ ആക്രമണശക്തിയും പുറത്തെടുത്തു. പകരക്കാരനായി ഇറങ്ങിയ ഫെർമിനോ ഹെഡ്ഡ് ചെയ്ത് നല്കിയ പാസ്സ് ഗബ്രിയേൽ ജീസസ് ആദ്യ ടച്ച് എടുത്തു ഷോട്ടിനു ഉതിർക്കവെ, അകലെ നിന്നും ഓടിവന്ന കൂട്ടീഞ്ഞോ പിഴവുകളില്ലാതെ പന്ത് ഗോൾപോസ്റ്റിലേക്ക് അടിച്ചുകേറ്റി. ബ്രസീൽ ഒരു ഗോളിന്‌ മുന്നിൽ. അത്രയും നേരം ശ്വാസം പിടിച്ചുനിന്ന ആരാധകർ ആഘോഷങ്ങൾ തുടങ്ങി. താമസിയാതെ ബ്രസീലിന്റെ രണ്ടാം ഗോളും വീണു. സൂപ്പർതാരം നെയ്മറിന്റെ ബൂട്ടുകളിൽ നിന്നായിരുന്നു ഇത്. ഡഗ്ലസ് കോസ്റ്റ മറിച്ചു നല്കിയ ഒരു ഒന്നാന്തരം പാസ്സ് അനായേസേന ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു നെയ്മർ. 90 മിനുട്ട് ഗോൾവഴങ്ങാതെ ചങ്കൂറ്റത്തോടെ പിടിച്ചുനിന്ന നവാസിന്റെ ഹൃദയം തകരുന്ന നിമിഷങ്ങളായിരുന്നു അത്. രണ്ട് കളിയും തോറ്റ് കോസ്റ്റാ റിക ടൂർണ്ണമെന്റിൽ നിന്നും പുറത്തായി. കഴിഞ്ഞ രണ്ട് ലോകകപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ച നവാസ്, ഫുട്ബോൾ ആരാധകരുടെ കയ്യടികൾ നേടിക്കൊണ്ട് കളത്തിന്‌ പുറത്തേക്ക്. അവസാന മത്സരഫലം ഈ ഗ്രൂപ്പിലെ ടീമുകളുടെ ഗ്രൂപ്പ് പ്രവേശനങ്ങൾ തീരുമാനിക്കും. ഇന്നലെ നടന്ന മത്സരത്തിൽ സെർബിയയോട് ഒരു ഗോളിന്‌ പിന്നിട്ട് നിന്ന ശേഷം രണ്ട് ഗോളുകൾ നേടി കളിയിലേക്ക് തിരിച്ചുവന്ന് വിജയം നേടിയ സ്വിറ്റ്സർലാന്റ്, നാലു പോയന്റോടെ ബ്രസീലിനൊപ്പം പ്രീ ക്വാർട്ടർ പ്രവേശനം ലക്ഷ്യം വെച്ച് മൂന്നാം മത്സരത്തിനിറങ്ങും.

മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഐസ്‌ലാന്റിനെ തകർത്ത് നൈജീരിയ അർജന്റീനയുടെ പ്രീ ക്വാർട്ടർ പ്രവേശനങ്ങൾക്ക് ആക്കം കൂട്ടി. നൈജീരിയക്ക് വേണ്ടി ലെസ്റ്റർ സിറ്റി താരം മൂസയാണ്‌ ഇരു ഗോളുകളും നേടിയത്. ഇന്ന് നിർണ്ണായകമായ മത്സരത്തിൽ ജർമ്മനി സ്വീഡനെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ജർമ്മനിയോട് തോറ്റതിന്റെ ക്ഷീണം മാറ്റാനാണ്‌ ജർമ്മൻ പട ഇന്ന് കളത്തിലിറങ്ങുന്നത്. ഓരോ മത്സരങ്ങളും നിർണ്ണായകമാകുമ്പോൾ ഈ ലോകകപ്പിനു ഭംഗി ഏറുകയാണ്‌. പ്രീ ക്വാർട്ടറിൽ ആരൊക്കെയെന്നറിയാൻ ഇനി ഒരാഴ്ച കൂടെ കാത്തിരിക്കണം.

Leave A Reply

Your email address will not be published.