Take a fresh look at your lifestyle.

അർജന്റീനയെ തകർത്ത് ക്രൊയേഷ്യ

Fifa World Cup

ആദ്യമത്സരത്തിലെ തിരിച്ചടി മറക്കാൻ വിജയം ലക്ഷ്യം വച്ച് ഇറങ്ങിയ അർജന്റീനയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് നിലം പരിശാക്കി ക്രൊയേഷ്യ സ്വപ്നതുല്യമായ യാത്ര തുടരുന്നു. ആദ്യകളിയിൽ നൈജീരിയയെ രണ്ട് ഗോളുകൾക്ക് തോല്പിച്ച് വരവറിയിച്ച ക്രൊയേഷ്യ ടൂർണമെന്റിലെ മികച്ച പ്രകടനം കാഴ്ചവെച്ചാണ്‌ മെസ്സിയെയും കൂട്ടരേയും തോല്പ്പിച്ചത്. ഇതോടെ അർജന്റീനയുടെ പ്രീ ക്വാർട്ടർ പ്രവേശനം സംശയത്തിലായി.

കളി തുടങ്ങി ഏറെ വൈകാതെ തന്നെ മികച്ച നീക്കങ്ങളിലൂടെയും, നീണ്ട പാസ്സുകളിലൂടെയും കളം നിറഞ്ഞ് കളിച്ച ക്രൊയേഷ്യ, അർജന്റീനിയൻ പ്രതിരോധത്തെ അങ്കലാപ്പിലാക്കി. മാൻസുകിച്ചും, പെരിസിച്ചും നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. കൂടാതെ റെബിച്ച് മികച്ച പിന്തുണ നല്കി. മത്സരം 20 മിനുറ്റ് പിന്നിടുമ്പോൾ അർജന്റീന പതിയെ കളിയിലേക്ക് മടങ്ങി വന്നെങ്കിലും, ഒരു തുറന്ന അവസരം പാഴാക്കികൊണ്ട് പെരസ് അർജന്റീനയെ നിരാശരാക്കി. പിന്നീട് മികച്ച ഒരു നീക്കം പോലും ഉണ്ടായില്ല. ആദ്യപകുതി അവസാനിക്കുമ്പോൾ ഗോളൊന്നും നേടാതെ ഇരുടീമുകളും പിരിഞ്ഞു. രണ്ടാം പകുതി 7 മിനുറ്റ് പിന്നിട്ടപ്പോൾ, അർജന്റീനയുടെ ഗോളി കബല്ലെരോ മെർക്കഡോക്ക് നല്കാൻ നോക്കിയ പാസ്സ് നേരെ റെബിച്ച് കൈക്കലാക്കി. ഒട്ടും വൈകിക്കാതെ ഒരു ബൈസിക്കിൾ കിക്കിലൂടെ ഗോളാക്കി മാറ്റി. കബല്ലരോയുടെ ഈ പിഴവിലൂടെ അർജന്റീനക്ക് ആദ്യ തിരിച്ചടി ലഭിച്ചു. പിന്നീട് കളി നഷ്ടപെട്ടവരെ പോളെ അർജന്റീനയുടെ കളിക്കാർ അലക്ഷ്യമായി പന്ത് തട്ടികൊണ്ടിരുന്നു. ഇടതുവിങ്ങിൽ അക്യുന വളരെ മോശം പ്രകടനമായിരുന്നു പുറത്തെടുത്തത്. പന്ത് കിട്ടുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച അക്യൂന അലക്ഷ്യമായ ക്രോസ്സുകളും, ഫലം കാണാതെ പോയ നീക്കങ്ങളും മാത്രമായി ഒതുങ്ങി. ഒരു നിമിഷം പോലും അർജന്റീന ഗോൾ മടക്കുമെന്ന് തോന്നിച്ചില്ല. ക്രൊയേഷ്യയുടെ രാകിടിച്ചും മോഡ്രിച്ചും കളി പലപ്പോഴും കയ്യിലെടുത്തു. എൺപതാം മിനുറ്റിൽ ആയിരുന്നു അർജന്റീന തോൽവി ഉറപ്പിച്ച ഗോൾ. ഒറ്റയ്ക്ക് പന്തുമായി നീങ്ങിയ മോഡ്രിച്ച് ബോക്സിനു പുറത്ത് നിന്നും പോസ്റ്റിന്റെ വലതുമൂലയിലേക്ക് തൊടുത്ത ഒരു വലങ്കാലൻ ഷോട്ട്, കാബെല്ലെരോയെ പിന്തള്ളി വലയിൽ കയറി. മനോഹരമായിരുന്നു ആ ഗോൾ!!!ലോകത്തിലെ മികച്ച മധ്യനിരതാരങ്ങളിൽ ഒരാളായ മോഡ്രിച്ച് ഫുട്ബോളിന്റെ സകല സൗന്ദര്യവും നിറച്ച് പോസ്റ്റിലേക്ക് ചെയ്ത കൃത്യതയാർന്ന ഫിനിഷ്. ഈ ലോകകപ്പിലെ തന്നെ മികച്ച ഗോളുകളിൽ ഒന്ന്. ക്യാപ്റ്റൻ മോഡ്രിച്ചിന്റെ മികവിൽ ക്രൊയേഷ്യ രണ്ടു ഗോളുകൾക്ക് മുന്നിൽ. ഒരു ഗോളെങ്കിലും തിരിച്ചു മടക്കാൻ അർജന്റീന നടത്തിയ വിഫലശ്രമത്തിൽ നിന്നുമുണ്ടായ പ്രത്യാക്രമണത്തിൽ നിന്നായിരുന്നു മൂന്നാം ഗോൾ. പ്രതിരോധതാരങ്ങളെല്ലാം നോക്കി നില്ക്കെ, രാകിടിച്ച് വളരെ അനായാസമായി ഗോളടിച്ച് കേറ്റി. നാണം കെട്ട മൂന്ന് ഗോളുകളുടെ തോൽവിയുമായി അർജന്റീന കളിയവസാനിപ്പിച്ചു. തലകുനിച്ച് കൊണ്ട് മെസ്സിയുടെ ടീം കളം വിട്ടു.
കോച്ച് സാമ്പോളിയുടെ തന്ത്രങ്ങളും, ടീം സെലക്ഷനും ആയിരിക്കാം കളിയെ മോശമായി ബാധിച്ചത്. ഡി മരിയയെയും റോക്കോയെയും പുറത്തിരുത്തിയതും, ഫാസിയോ, ഡിബാല, പാവോൺ തുടങ്ങിയ പ്രതിഭകൾക്ക് അവസരം കൊടുക്കാതിരുന്നതും പിഴവുകൾ തന്നെയാണ്‌. ഇന്നത്തെ ഐസ്‌ലാന്റ് നൈജീരിയ മത്സരം അർജന്റീനയ്ക്ക് നിർണ്ണായകമാണ്‌.ഐസ്‌ലാന്റ് ഇന്നു തോല്ക്കുകയോ സമനില നേടുകയോ ചെയ്യുകയും, ക്രൊയേഷ്യയായി തോല്ക്കുകയും ചെയ്താൽ, നൈജീരിയ ആയിട്ടുള്ള മത്സരത്തിൽ അർജന്റീനയ്ക്ക് ജയിച്ചാൽ മാത്രം മതിയാവും. എന്നാൽ, ഐസ്‌ലാന്റ് ഇന്നു ജയിക്കുകയും, ക്രൊയേഷ്യയോട് തോല്ക്കുകയും ചെയ്താൽ അർജന്റീനയ്ക്ക് നൈജീരിയയെ വൻ മാർജിനിൽ തോല്പ്പിക്കേണ്ടി വരും. ഈ ഒരു പ്രകടനം വച്ച് നോക്കുമ്പോൾ അത് തികച്ചും ദുഷ്കരം തന്നെയാണ്‌. മരണഗ്രൂപ്പിൽ നിന്ന് ക്രൊയേഷ്യയ്ക്കൊപ്പം ആരു പ്രീ ക്വാർട്ടറിൽ കയറും എന്ന് അവസാന മത്സരം തീരുമാനിക്കും.

Leave A Reply

Your email address will not be published.