Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ഹാദിയയുടെ വിവാഹം അന്വേഷണം വേണ്ട : സുപ്രീം കോടതി

ന്യൂഡൽഹി∙ കൊല്ലം സ്വദേശി ഷെഫിൻ ജഹാനും വൈക്കം സ്വദേശിനി ഹാദിയയുമായുള്ള വിവാഹത്തെക്കുറിച്ചു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുന്നതു സുപ്രീം കോടതി വിലക്കി. വിവാഹം അസാധുവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഷെഫിൻ നൽകിയ ഹർജിയിൽ ഹാദിയയെ കക്ഷിയാക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.

കഴിഞ്ഞ നവംബർ 27നു കേസ് പരിഗണിച്ചപ്പോൾ,ഹാദിയയ്ക്കു സേലത്തെ ഹോമിയോ കോളജിൽ പഠനം പൂർത്തിയാക്കുന്നതിനു സൗകര്യമൊരുക്കാൻ കോടതി ഉത്തരവിട്ടിരുന്നു.അന്നു സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി.ഗിരി ഉന്നയിച്ച വാദങ്ങളുടെ പേരിൽ സർക്കാരിനെതിരെ വിമർശനമുയർ‍ന്നിരുന്നു. മുതിർന്ന അഭിഭാഷകൻ‍ ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിങ് കൗൺസൽ സി.കെ.ശശിയുമാണ് ഇന്നലെ ഹാജരായത്.

ഹാദിയയെയും കക്ഷിയാക്കണമെന്നു ഷെഫിനു വേണ്ടി ഹാജരായ കപിൽ‍ സിബലും ഹാരീസ് ബീരാനും വാക്കാൽ ആവശ്യപ്പെടുകയായിരുന്നു. ഇനി വാദിയാക്കുന്നതിനുള്ള നടപടികൾ സങ്കീർണമായതിനാൽ, എതിർകക്ഷിയാക്കാമെന്ന നിർദേശം കോടതി അംഗീകരിച്ചു. ഹാദിയ ഒരാഴ്ചയ്ക്കകം നോട്ടിസിനു മറുപടി നൽകണം. കേസ് അടുത്ത മാസം 22നു വീണ്ടും പരിഗണിക്കും. സുപ്രീം കോടതിയിൽനിന്നു വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ എൻഐഎ അന്വേഷിക്കാനാണു ഹൈക്കോടതി ഉത്തരവെങ്കിലും അതു വകവയ്ക്കാതെയാണു നടപടികളെന്നു സിബൽ പറഞ്ഞു. എന്നാൽ, കോടതി നിർദേശപ്രകാരമുള്ള അന്വേഷണം അവസാനഘട്ടത്തിലാണെന്ന് എൻഐഎയ്ക്കുവേണ്ടി മനീന്ദർ സിങ് വാദിച്ചു.

കോടതിയുടെ ഉത്തരവിനെ മറയാക്കി വിവാഹത്തെക്കുറിച്ച് എൻഐഎ അന്വേഷിക്കാൻ പാടില്ലെന്നു കോടതി പറഞ്ഞു. വിവാഹം തട്ടിപ്പാണെന്നും അന്യായമായി തടഞ്ഞുവച്ചതിനെ ന്യായീകരിക്കാനുള്ളതാണെന്നും ഹാദിയയുടെ പിതാവിനുവേണ്ടി ഹാജരായ മാധവി ദിവാൻ വാദിച്ചു. ഈ വാദം ശരിയാണെങ്കിൽക്കൂടി സ്വന്തം താൽപര്യപ്രകാരമാണു വിവാഹമെന്നു പ്രായപൂർത്തിയായ യുവതി പറഞ്ഞുകഴിഞ്ഞാൽ പിന്നെ ഹേബിയസ് കോർപസ് ഹർജിയിലൂടെ ആ വിവാഹം റദ്ദാക്കുന്നതെങ്ങനെ എന്നതാണു പ്രശ്നമെന്നു കോടതി പറഞ്ഞു.

സ്വന്തം ഇഷ്ടപ്രകാരമാണു വിവാഹമെന്നു കോടതിയിൽ യുവതി നേരിട്ടാണു പറഞ്ഞത്. പ്രായപൂർത്തിയായ യുവതിയുടെ മനസ്സു വായിക്കാൻ കോടതിക്കാവില്ല. മനസ്സു മാറ്റിയതാണെങ്കിൽക്കൂടി കോടതിക്ക് എങ്ങനെ ഇടപെടാനാവും? വിവാഹത്തെയും കുറ്റകൃത്യങ്ങളെയും വേറിട്ടു കണ്ടില്ലെങ്കിൽ നിയമവ്യവസ്ഥിതിയിൽ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെടുമെന്നു ബെഞ്ച് വിശദീകരിച്ചു.

മകളുടെ മതപരിവർത്തനവുമായി ബന്ധപ്പെട്ടു ഹർജി നൽകിയിട്ടുള്ള തന്നെയും കേസിൽ കക്ഷിയാക്കണമെന്ന മണക്കാട് സ്വദേശിനി ബിന്ദുവിന്റെ ആവശ്യം കോടതി നിരസിച്ചു. വാദത്തിനിടെ ശോഭരാജും ഹാദിയാക്കേസിന്റെ വാദത്തിനിടെ, വിവാഹം റദ്ദാക്കാൻ കോടതിക്ക് എന്ത് അധികാരമെന്നു കപിൽ സിബലിന്റെ ചോദ്യം. ഭീകരാരണെങ്കിൽക്കൂടി വിവാഹത്തിന് എന്തു തടസ്സമെന്നും കുപ്രസിദ്ധ കുറ്റവാളി ചാൾസ് ശോഭരാജ് പലതവണ വിവാഹിതനായെന്നും സിബൽ പറഞ്ഞു. സ്വന്തം അഭിഭാഷകയെയും ശോഭരാജ് വിവാഹം കഴിച്ചെന്നു മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞപ്പോൾ കോടതിയിൽ കൂട്ടച്ചിരിയുയർന്നു.

കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് പിതാവ് അശോകൻ 

വൈക്കം∙ ഹാദിയയുടെ വിവാഹം എൻഐഎ അന്വേഷിക്കേണ്ടതില്ലെന്ന സുപ്രീംകോടതി നിലപാടിനോട് യോജിപ്പില്ലെന്നു പിതാവ് കെ.വി.അശോകൻ. എന്റെ കുടുംബത്തിനു നീതി ലഭിച്ചില്ല. എന്റെ മകൾക്ക് നാളെ എന്തു സംഭവിക്കുമെന്നറിയില്ല. സംഭവിച്ചു കഴിഞ്ഞ് ഭരണഘടനാ ചട്ടങ്ങൾ പറഞ്ഞിട്ടു കാര്യമില്ല. അതു മനസിലാക്കി കോടതി നിലപാടു സ്വീകരിക്കണം – അശോകൻ പറഞ്ഞു. സംസ്ഥാന സർക്കാരും സംസ്ഥാന വനിതാ കമ്മിഷനും തുടക്കം മുതലേ തന്റെ കുടുംബത്തിന്റെ വികാരങ്ങൾക്ക് എതിരായിരുന്നുവെന്ന് അശോകൻ പറഞ്ഞു.

Leave A Reply

Your email address will not be published.