Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

വൃശ്ചിക കുളിരണിഞ്ഞ് ശബരിമല.

ശബരിമല/പമ്പ: ശരണവഴികളും പമ്പയും ശുചിയായി സൂക്ഷിക്കുന്നതിന് തീവ്രശ്രമം. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകര്‍ പമ്പയും സന്നിധാനവും 24 മണിക്കൂറും വൃത്തിയാക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം ‘പുണ്യം പൂങ്കാവനം’ എന്ന പേരിലുള്ള ശുചീകരണവും നടത്തുന്നു. ഇതില്‍ പോലീസും ഇതര സര്‍ക്കാര്‍ വകുപ്പുകളും വിദ്യാര്‍ഥികളും സന്നദ്ധ സംഘടനകളും പങ്കാളികളാകുന്നു. ശുചിത്വം, ആരോഗ്യം എന്നിവ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍.

എണ്ണ, സോപ്പ് എന്നിവ ഉപയോഗിച്ച് പമ്പയില്‍ കുളിക്കുന്നതും വസ്ത്രങ്ങള്‍ ഇടുന്നതും നിരോധിച്ചിട്ടുണ്ടെങ്കിലും ഇതൊക്കെ ഇനിയും പൂര്‍ണമായും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, നിരന്തരം ബോധവല്‍ക്കരണം നടത്തുന്നുണ്ട്. ജില്ലാ ഭരണകൂടമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികളും ഗുരുസ്വാമിമാരും പമ്പയുടെ ശുചിത്വം നിരന്തരം ഓര്‍മ്മപ്പെടുത്തുന്നുണ്ട്.  ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നല്‍കുന്നു. പുണ്യം പൂങ്കാവനം പരിപാടിയില്‍ എല്ലാ ദിവസവും വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നു. നേരത്തെ കൊച്ചിയില്‍ ഗുരുസ്വാമിമാരുടെ യോഗം വിളിച്ചിരുന്നു. അവര്‍ ഇരുമുടിയില്‍ പ്ലാസ്റ്റിക് ഒഴിവാക്കേണ്ടത് അടക്കമുള്ള കാര്യങ്ങളില്‍ സ്വന്തം നാട്ടില്‍ അറിയിപ്പ് നല്‍കാമെന്ന് അറിയിച്ചിരുന്നു. പമ്പയുടെ വിശുദ്ധിയും അവര്‍ പറഞ്ഞുകൊടുക്കുന്നു. പമ്പയില്‍ എത്തിയും അവര്‍ ഇത് ചെയ്യുന്നുണ്ട്.

ആരോഗ്യവകുപ്പ് സന്നിധാനത്ത് പാണ്ടിത്താവളം, മാഗുണ്ട അയ്യപ്പനിലയം, മീഡിയാ സെന്ററിനായി നിര്‍മാണം നടന്നുവരുന്ന സ്ഥലം, പോലീസ് ക്വാര്‍ട്ടേഴ്‌സ് പരിസരം, ഗോശാലയും പരിസരപ്രദേശങ്ങളും ശൗചാലയബ്ലോക്കുകള്‍ എന്നിവിടങ്ങളില്‍ കൂത്താടികളെ നശിപ്പിക്കുന്നതിനായി സ്‌പ്രേയിങ് നടത്തി. വലിയനടപ്പന്തലിനു സമാന്തരമായ ഫ്‌ളൈഓവറിനോടു ചേര്‍ന്നുള്ള ടാങ്കുകളില്‍ മരുന്ന് തളിച്ചു. കൊതുകുകളുടെ ഉറവിടനശീകരണം, കൊതുകുസാന്ദ്രത കണ്ടെത്തുന്നതിനായുള്ള വെക്ടര്‍ സര്‍വേ എന്നിവയും നടന്നുവരുന്നു. ഫോഗിങ്ങും തുടങ്ങി. ഭക്ഷണ വിതരണകേന്ദ്രങ്ങളില്‍ ഒരുവട്ടം ശുചിത്വപരിശോധന പൂര്‍ത്തിയാക്കി. ഇതിന്റെ ഭാഗമായി ശുചിത്വനിര്‍ദേശങ്ങള്‍ നല്‍കി. തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നമുറയ്ക്ക് മുഴുവന്‍ തൊഴിലാളികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നേടുന്നതിനും നിര്‍ദേശിച്ചു.

കൊതുകുജന്യരോഗങ്ങളായ മലമ്പനി, മന്തുരോഗ പരിശോധനയ്ക്കായി രാത്രികാല രക്തപരിശോധനാ ക്യാമ്പ് വഴി 54 പേരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് ലാബില്‍ നല്‍കി. ഇതരസംസ്ഥാനക്കാരായ മുഴുവന്‍ തൊഴിലാളികളുടെയും രക്തസാമ്പിളുകള്‍ ശേഖരിക്കും. ശുചീകരണത്തിന് ആവശ്യമുള്ളത്ര ബ്ലീച്ചിങ് പൗഡര്‍ എത്തിച്ചു.രണ്ടുപേര്‍ക്ക് ചിക്കന്‍പോക്‌സ്

സന്നിധാനത്ത് സേവനമനുഷ്ഠിച്ചിരുന്ന രണ്ടുപേര്‍ക്ക് ചിക്കന്‍പോക്‌സ് രോഗബാധയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇവരെ ജോലിയില്‍നിന്ന് വിടുതല്‍ നല്‍കി നാട്ടിലേക്ക് അയച്ചു.

ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. തൊഴിലാളികളുടെ വാസസ്ഥലങ്ങളിലെത്തി ആരോഗ്യബോധവത്കരണം നടത്തി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എം.ഷാജി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ.സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി.സി.ജയന്‍, ആര്‍.ബി.ഗോപകുമാര്‍, ഫീല്‍ഡ് വര്‍ക്കര്‍മാരായ സി.വി.വിജിത്ത്, എം.എസ്.സുന്ദരന്‍ എന്നിവരാണ് സന്നിധാനത്തെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്.

Leave A Reply

Your email address will not be published.