Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

വൃദ്ധനായ പഴയ പോരാളിയുടെ മുദ്രാവാക്യം വിളി ജനയുഗം ഫോട്ടോ ഗ്രാഫർ പകർത്തിയത് ഓർമ്മിച്ചു മന്ത്രി തോമസ് ഐസക്ക് സഖാവിന്റെ വീട്ടിൽ

തോമസ് ഐസക്ക് സഖാവ് എന്നും ഇങ്ങനാണ് ഏറെ വ്യത്യസ്തപുലർത്തുന്ന നേതാവ്.ഈ പറഞ്ഞു വരുന്നത്  അദ്ദേഹം എഴുതിയ അനുഭവം തന്നെ വായിക്കുക

 

വയലാര്‍ രക്തസാക്ഷി സ്മാരകത്തിന്‍റെ മുന്നില്‍ നിന്ന് വികാര വിക്ഷുബ്ദനായി അലറി മുദ്രാവാക്യം വിളിക്കുന്ന വയോധികന്‍റെ മുഖം നമ്മളാരും മറന്നിരിക്കാന്‍ ഇടയില്ല . ജനയുഗം ഫോട്ടോഗ്രാഫര്‍ വി എന്‍ കൃഷ്ണപ്രകാശ് കഴിഞ്ഞ തുലാം പത്തിന് പകര്‍ത്തിയ ചിത്രം അന്ന് വൈറല്‍ ആയിരുന്നു . കഴിഞ്ഞ ദിവസം കഞ്ഞിക്കുഴിയിലെ ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ ഒരു കത്ത് കിട്ടി. സ്വാതന്ത്ര്യ സമരസേനാനി സഖാവ് ബാലയില്‍ പ്രഭാകരന് സഖാവിനെ ഒന്ന് കാണാന്‍ ആഗ്രഹമുണ്ട്, വീട് ഒന്ന് സന്ദര്‍ശിക്കാമോ എന്ന് അന്വേഷിച്ചുകൊണ്ടായിരുന്നു കത്ത്. കത്തില്‍ നിന്ന് ആളെ തിരിച്ചറിഞ്ഞില്ല. എങ്കിലും കഴിഞ്ഞ ദിവസം മണ്ഡലത്തിലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് സമയം കണ്ടെത്തി. വീട്ടില്‍ ചെന്ന് ആളെ കണ്ടപ്പോള്‍ കൂടുതല്‍ പരിചയപ്പെടുത്തല്‍ ആവശ്യമുണ്ടായില്ല . 93 വയസ് കഴിഞ്ഞു. വേറൊന്നും വേണ്ട , സഖാവിനെ ഒന്ന് കാണണം എന്ന് മോഹം അത്രയേയുള്ളൂ .

പുന്നപ്ര വയലാര്‍ സമരകാലത്ത് ചോര തിളയ്ക്കുന്ന 22 കാരന്‍ ആയിരുന്നു പ്രഭാകരന്‍. കളവംകോടം ക്ഷേത്രത്തിനടുത്തുള്ള ക്യാമ്പില്‍ ആയിരുന്നു . അവിടെ നിന്ന് വാരിക്കുന്തവുമായി വയലാറിലേക്ക് പോയതാണ് . കൂടെയുണ്ടായിരുന്ന ഒട്ടനവധി പേര്‍ കൊല്ലപ്പെട്ടു . പ്രഭാകരന്‍ കസ്റ്റഡിയിലുമായി . ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ മണ്ണില്‍ കുഴി കുഴിച്ച് അതില്‍ ഇല വിരിച്ചായിരുന്നു കസ്റ്റഡിയിലുള്ളവര്‍ക്ക് കഞ്ഞി വീഴ്ത്തി കൊടുത്തിരുന്നത് . അതിലൊരു പോലീസുകാരന്റെ വിനോദം കഞ്ഞി കുടിക്കാന്‍ കുനിയുമ്പോള്‍ അതില്‍ കുറച്ചു മണ്ണ് വാരി ഇടുക എന്നതായിരൂന്നു. ഒന്ന് രണ്ടു തവണ പ്രഭാകരന്‍ അപേക്ഷിച്ചു നോക്കി, പക്ഷെ പോലീസുകാരന്‍ തന്‍റെ ക്രൂരവിനോദം തുടര്‍ന്നു. സഹികെട്ട ഒരു ദിവസം ചാടിയെണീറ്റ് കരണകുറ്റിക്ക് അടിച്ചു. അതിനെ തുടര്‍ന്ന് പോലീസുകാര്‍ നടത്തിയ മര്‍ദ്ധനത്തില്‍ താടിയെല്ല് പൊട്ടിയതാണ്, ഇന്നും കോടിയിരിക്കുന്നത് . തിരുവനതപുരം സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു പിന്നീട് തടവ്‌ . ഇപ്പോഴും പഴയ കഥകള്‍ പറയുമ്പോള്‍ പഴയ ആവേശം തിരച്ചു വരും. സ്ട്രോക്ക് വന്നു സംസാരശേഷി ഭാഗീകമായി നഷ്ടപ്പെട്ടിട്ടുണ്ട്, പറയുന്നതില്‍ പാതിയും തിരിയുന്നില്ല . പലതും ഭാര്യ സരസമ്മ ആണ് വിശദീകരിച്ചത്. വയലാറിലെ സിപി എം എല്‍ സി സെക്രട്ടറി ആയിരുന്നു . അക്കാലത്തെ കഥകള്‍ മകള്‍ സിനി ആണ് വിവരിച്ച് തന്നത് . പക്ഷാഘാതം പിടിപെട്ടു കിടപ്പിലായി . അതിനെ തുടര്‍ന്നാണ്‌ കഞ്ഞിക്കുഴിയിലേക്ക് താമസം മാറ്റിയത് . രോഗത്തില്‍ നിന്ന് കുറച്ചൊക്കെ വിടുതല്‍ നേടിയെങ്കിലും പൂര്‍ണ്ണാരോഗ്യം പിന്നെ തിരിച്ചു കിട്ടിയില്ല . മകള്‍ സിനിയുടെ വീട്ടിലാണ് താമസം . സിനി എ ഡി എസ് പ്രസിഡണ്ട്‌ ആണ് . ഞാന്‍ ചെല്ലുമ്പോള്‍ വീട്ടില്‍ എ ഡി എസ് സെക്രട്ടറി സോയയും ഉണ്ട് .

കത്തെഴുതിയ ബ്രാഞ്ച് സെക്രട്ടറിയും പിന്നെ കേട്ടറിഞ്ഞു വന്ന കുറച്ച് അയലത്ത്കാരും. കുറച്ചു നേരം പഴയ കഥകള്‍ ഒക്കെ പറഞ്ഞിരുന്നു . വളരെ പെട്ടെന്ന് വീട്ടില്‍ ഒരംഗം പോലെയായി . പിന്നീടു വരാം എന്ന് പറഞ്ഞു എഴുന്നെറ്റതോടെ പ്രഭാകരന്‍ സഖാവ് ഒറ്റ കരച്ചില്‍ , ഇപ്പോഴിങ്ങനെയാ .സഖാക്കള്‍ വന്നു പോകുമ്പോഴെക്കെ കരയും എന്ന് ഭാര്യ സരസമ്മ പറയുന്നുണ്ടായിരുന്നു.

Leave A Reply

Your email address will not be published.