Take a fresh look at your lifestyle.

ലോകകപ്പ് റഷ്യയിൽ അരങ്ങേറി

ആതിഥേയരായ റഷ്യ അഞ്ച് ഗോളുകൾക്ക് സൗദി അറേബ്യയെ തകർത്തുകൊണ്ട് ഫുട്ബോൾ ലോകകപ്പിന്‌ സ്വപ്നതുല്യമായ തുടക്കം കുറിച്ചു.32 രാജ്യങ്ങൾ അണിനിരക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് എ മത്സരമാണ്‌ ഇന്ന് നടന്നത്. ഒരു മാസം നീളുന്ന ഫുട്ബോൾ മാമാങ്കം കൊടിയേറിയതിന്റെ ആവേശത്തിലായിരുന്ന ആരാധകർക്ക് ഗോളുകൾ കൊണ്ട് വിരുന്നൊരുക്കി റഷ്യ തുടക്കം ഗംഭീരമാക്കി.

കളി തുടങ്ങി പന്ത്രണ്ടാം മിനുട്ടിൽ ഗോളോവിന്റെ ക്രോസ്സിനു തല വച്ച് ലക്ഷ്യത്തിലേക്കുതിർത്ത ആദ്യ ഹെഡ്ഡർ തനെ വലയിലാക്കി ഗസിൻസ്കി റഷ്യയുടെ ആദ്യ ഗോൾ നേടി. പക്ഷെ നിമിഷങ്ങൾക്കുള്ളിൽ റഷ്യയുടെ സക്കോവ് പരിക്ക് മൂലം കളം വിടേണ്ടിവന്നത് തിരിച്ചടി ആയെങ്കിലും പകരക്കാരനായി ഇറങ്ങിയ ചെറിഷേവ് ആദ്യ പകുതി തീരാൻ മൂന്ന് മിനുട്ട് ബാക്കി നിൽക്കേ മൂന്ന് പ്രതിരോധകളിക്കാരെ കബളിപ്പിച്ചുള്ള ഒരു നല്ല മുന്നേറ്റത്തോടെ വീണ്ടും സൗദി വല കുലുക്കി. രണ്ട് ഗോളിന്‌ പിറകിലായ സൗദി പിന്നെ ഒരിക്കലും കളിയിലേക്ക് തിരിച്ചുവന്നില്ല. ഏകപക്ഷീയമായ മത്സരം ആരാധകർക്ക് ചെറിയ മടുപ്പുളവാക്കി.പതിയെ തുടങ്ങിയ രണ്ടാം പകുതി ഗോൾ രഹിതം ആകുമെന്ന് തോന്നിച്ചെങ്കിലും വീണ്ടും ഒരു പകരക്കാരൻ ലീഡ് ഉയർത്തി. വലതുവിങ്ങിൽ നിന്നും ഗോളോവിൻ നല്കിയ മനോഹരമായ ഒരു ക്രോസ്സിൽ നിന്നും സ്യൂബ ഉതിർത്ത ഹെഡ്ഡർ സൗദി ഗോൾ വല ചലിപ്പിച്ചു. ഇഞ്ചുറി ടൈമിൽ രണ്ടു ഗോളുകൾ കൂടി കൂട്ടിച്ചേർത്ത് റഷ്യ 5-0 ന്‌ കളി കയ്യിലാക്കി. ഡെന്നിസ് ചെറിഷേവിന്റെ ഇരട്ടഗോൾ നേട്ടത്തിലൂടെ ആയിരുന്നു നാലാം ഗോൾ. അവസാന മിനുറ്റിൽ അലക്സാണ്ടർ ഗോളോവിൻ മനോഹരമായ ഒരു ഫ്രീ കിക്ക് ഗോളിലൂടെ സൗദിയുടെ മേൽ അവസാനത്തെ ആണിയും തറച്ചു. ആതിഥേയർക്ക് തലയുയർത്തി മുന്നോട്ട് പോവാം ഈ ഒരു പ്രകടനത്തിലൂടെ. രണ്ട് അസിസ്റ്റും ഒരു ഗോളും നേടി അലക്സാണ്ടർ ഗോളോവിൻ എന്ന യുവതാരം കളം നിറഞ്ഞ് കളിച്ചു. നിലവിൽ സി.എസ്.കെ.എ മോസ്കോയുടെ മധ്യനിരതാരമാണ്‌ ഇംഗ്ലീഷ് ക്ലബ് ആർസണൽ ലക്ഷ്യം ഇടുന്ന ഗോളോവിൻ. റഷ്യൻ പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ പറ്റാതെ നാണം കെട്ടാണ്‌ സൗദി കളി നിർത്തിയത്. 2002 ലോകകപ്പിൽ ജർമനിയോട് 8-0 ന്‌ തോറ്റതിനു ശേഷമുള്ള ഏറ്റവും വലിയ തോൽവി കൂടെയാണിത്. പകരക്കാരനായി ഇറങ്ങി ലോകകപ്പിലെ ആരങ്ങേറ്റഗോൾ നേടിയ ഡെന്നിസ് ചെരിഷേവാണ്‌ കളിയിലെ കേമൻ.

നാളെ മൂന്ന്‌ മത്സരങ്ങളാണുള്ളത്. ഇതിൽ യൂറോ കപ്പ് ചാമ്പ്യൻസ് പോർച്ചുഗൽ സ്പെയിൻ നെ നേരിടുന്നതാണ്‌ ശ്രദ്ധേയമായ മത്സരം. വാശിയേറിയ ഒരുപാട് മത്സരങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം. ആരാണ്‌ ലോകചാമ്പ്യന്മാർ എന്ന് കാത്തിരുന്ന് കാണാം.

Leave A Reply

Your email address will not be published.