Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

മാധ്യമങ്ങളുടെ ധർമം

“മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ ഒരു ഗൂഢാലോചനക്കേസിൽ സംശയിക്കപ്പെട്ട് ജയിലിൽ ആയിട്ട് ഏതാണ്ട് ഒരു മാസം കഴിഞ്ഞു. അയാൾ ഒരു കുറ്റവാളിയോ കുറ്റാരോപിതനോ അല്ല കേവലം “സസ്‌പെക്ട്’ മാത്രമാണെന്ന് കഴിഞ്ഞ ദിവസം പ്രശസ്ത ക്രിമിനോളജിസ്റ് ശ്രീ. ജെയിംസ് വടക്കുംചേരി പറയുകയുകയുണ്ടായി. “arrested and detained “എന്നാണ് അദ്ദേഹം പറഞ്ഞത്. കേരളീയ പൊതുസമൂഹത്തിനു മുൻപിൽ അദ്ധേഹത്തെ ഒരു കൊടുംകുറ്റവാളിയെപ്പോലെ ആഘോഷിക്കുകയായിരുന്നു കഴിഞ്ഞ കുറെ നാളുകൾ ആയി. നിരന്തരമായ ആക്രമണം യഥാർത്ഥത്തിൽ ഒരു വ്യക്തിയിൽ മാത്രമായിരുന്നില്ല മലയാള സിനിമ മേഖലയെ മൊത്തമായി തന്നെയായിരുന്നു. സിനിമയും ടെലിവിഷനും പരസ്പര പൂരകങ്ങൾ ആയ രണ്ട് വ്യവസായങ്ങൾ ആണെന്ന പരമാർത്ഥം പോലും മറന്നുകൊണ്ട് TRP റേറ്റിംഗിനെ കുതിപ്പിൽ മാത്രമായിരുന്നു ചില മാധ്യമ ജഡ്ജിമാരുടെ കണ്ണുകൾ. അങ്ങനെ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളം വാർത്താ ചാനൽ റേറ്റിംഗിൽ മൂന്നാം സ്ഥാനത്തു എത്തുകയും ചെയ്തു. ഈ വിളവെടുപ്പിൽ നൂറും ഇരുനൂറും ഇരട്ടി നേട്ടം മറ്റു പലരും സ്വന്തമാക്കി. ഈ കൂട്ട ആക്രമണത്തിൽ പെട്ട് എങ്ങനെ പ്രതികരിക്കണമെന്നുപോലുമറിയാതെ നിശബ്തത പാലിച്ചവരെ പോലും അതിന്റെ പേരിൽ അപമാനിച്ചു . ഈ മാധ്യമ മത്സരത്തിൽ മുഘ്യധാര മാധ്യമങ്ങളുടെ ഓൺലൈൻ പതിപ്പുകൾ പോലും “മഞ്ഞനിറം” കൈവരിച്ചു ഹിറ്റുകൾ കൂട്ടി. നടനെ കടിച്ച കൊതുകിന്റെ എണ്ണവും ഉപ്പുമാവിലെ ഉപ്പിന്റെ കുറവുമൊക്കെ വാർത്തകൾ ആയി. നാമതൊക്കെ ആർത്തിയോടെ വായിച്ചു കോൾമയിർ കൊണ്ടു.മുന്നും പിന്നും നോക്കാതെ അതൊക്കെ വാട്ട്സാപ്പിലൂടെ തലങ്ങും വിലങ്ങും പായിച്ചു.സിനിമയിലെ വമ്പൻ സ്രാവുകൾക്കും മാഡത്തിനും ഒക്കെയായി കണ്ണിൽ എണ്ണയുമൊഴിച്ചു ഓൺലൈനിൽ കാത്തിരുന്നു നിരാശരായി !ജനാധിപത്യത്തിന്റെ നാലാം തൂണിനു മാത്രം പുഴുക്കുത്തുകൾ ഇല്ല എന്ന് ജനങ്ങൾ പണ്ടുമുതലേ വിശ്വസിച്ചിരുന്നു, അത് അങ്ങനെത്തന്നെയായിരുന്നു താനും. പക്ഷെ കാലത്തിന്റെ സഞ്ചാരത്തിൽ ആദ്യ മൂന്നു തൂണുകൾക്കും അപചയം സംഭവിച്ചെങ്കിലും നാലാം തൂണിന് കോട്ടമൊന്നും തട്ടിയില്ല എന്ന് ഇവർ നമ്മളെ വിശ്വസിപ്പിച്ചു കൊണ്ടിരുന്നു. മാധ്യമധർമ്മം എന്നപേരിൽ അവരവരുടെ “മാധ്യമങ്ങളുടെ ധർമം” അവർ നിറവേറ്റിക്കൊണ്ടിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ സ്ത്രീ പീഡനത്തിന്റെ പേരിൽ മാത്രം എത്ര മാധ്യമ കാവലാളുകൾ നിലം പരിശായി എന്ന് അറിയുമോ ? അറിയാൻ വഴിയില്ല കാരണം ഇതൊന്നും ഒരിക്കലും “ബ്രേക്കിംഗ് ന്യൂസും ഫ്ലാഷ് ന്യൂസും” ആയി നമ്മുടെ മുൻപിൽ വിളമ്പില്ലല്ലോ ?! ഒരു ധര്മത്തിന്റെ പേരിലും സ്വന്തം പല്ലിട കുത്തി മണപ്പിക്കാൻ ആരെങ്കിലും താല്പര്യപ്പെടുമോ ? പ്രമുഖ വാർത്താ ചാനലിലെ ഒരു അവതാരകൻ സ്വന്തം സഹപ്രവർത്തകയുടെ പരാതിയിൽ “പീഡനപ്പെട്ടു” വീണു. മറ്റൊരാൾ വര്ഷങ്ങളായി ഒരു ആദിവാസി പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയതിൽ പെട്ട് കുടുങ്ങി. ഇപ്പോൾ ഒരു ചാനലിലെ ഒരു മാധ്യമ പ്രവർത്തക സ്വന്തം സഹപ്രവർത്തകരുടെ പീഡനത്തിന്റെ(ജാതീയ ആക്ഷേപം ഉൾപ്പെടെ) പേരിൽ ആത്മഹത്യക്കു ശ്രമിച്ചു ആശുപത്രിയിൽ ആണ്. അവരുടെ വിരൽ ചൂണ്ടപ്പെടുന്നത് സ്വന്തം സഹപ്രവർത്തകരിൽ തന്നെയാണ് താനും. പക്ഷെ ഇതൊന്നും പൊതുജനം അറിയുകയോ അന്തിചർച്ചയാക്കപ്പെടുകയോ ചെയ്യുന്നില്ല. സിനിമനടനെ അറസ്റ് ചെയ്തപ്പോഴും ഒരു പുതിയ ചാനലിന്റെ “പെൺകെണി’ വിഷയത്തിൽ ആത്മരോഷം കൊണ്ടവരും തങ്ങളുടെ ഫേസ്ബുക് ലിഖിതങ്ങൾ ഒന്ന് മറിച്ചു നോക്കുന്നത് ഇത്തരുണത്തിൽ നന്നായിരിക്കും.
സുഹൃത്തുക്കളെ രാമനും രാവണനും എല്ലായിടത്തുമുണ്ട്. “ലെജിസ്ളേച്ചറിലും എക്സിക്യൂട്ടീവിലും ജുഡീഷ്യറിയിലും” മാത്രമല്ല നിങ്ങളിലുമുണ്ട്. മലയാള സിനിമയിലെ അപചയങ്ങൾക്കെതിരെ ആയിരിക്കാമല്ലോ നടൻ അറസ്റ് ചെയ്യപ്പെട്ടപ്പോൾ നിങ്ങൾ ഇത്രയും രോഷാകുലർ ആയത്. അത്രയുമൊന്നുമില്ലെങ്കിലും അതിന്റെ നാലിൽ ഒന്ന് ശ്രമം എങ്കിലും സ്വന്തം തട്ടകം ശുദ്ധീകരിക്കാൻ ഒന്ന് കൈക്കൊണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. ഒരു സ്വയം വിമർശനത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ആരെയും പേരെടുത്തു പറയുന്നില്ല. നിങ്ങൾ പറഞ്ഞതും നിർമ്മിച്ചതുമൊക്കെ ഒന്ന് സ്വയം ഓര്മിച്ചെടുത്തു നോക്കിയാൽ മതി. ഒരു ഉദാഹരണം മാത്രം പറഞ്ഞുകൊണ്ട് നിർത്തട്ടെ .മോഹൻലാൽ നരസിംഹമല്ല നപുംസകമാണെന്നു ആക്രോശിച്ച ഒരു അതികായൻ സ്വന്തം മേഖലയിലെ ഈ നാണം കെട്ട വാർത്തകൾ അന്തിക്ക് ചർച്ചചെയ്യാതെ മൗനം പൂണ്ടിരിക്കുന്നുഅപ്പോൾ .ആർക്കാണ് സുഹൃത്തേ താങ്കൾ പറഞ്ഞ ഈ പട്ടം നന്നായി ചേരുക ? മറുപടി പറയണമെന്നില്ല. നാം ഒരു വിരൽ ചൂണ്ടുമ്പോൾ മൂന്നു സ്വന്തം വിരലുകൾ നമ്മുടെ നേരെ നാമറിയാതെത്തന്നെ ചൂണ്ടപ്പെടുന്നു എന്ന സത്യം ഒന്നോർത്താൽ മാത്രം മതി “proud to be a woman journalist” എന്നൊരു ബാനറും പിടിച്ചു കുറെ ആൾക്കാരെയും നേരത്തെ കണ്ടിരുന്നു. നിങ്ങളുടെ കൂട്ടത്തിലെ ഒരു സഹയാത്രിക ആത്മഹത്യക്കു ശ്രമിച്ചു ആശുപത്രിയിൽ കിടപ്പുണ്ട്. അന്ന് പൊക്കിക്കാട്ടിയ ആ ബാനറില് എന്തെങ്കിലും സത്യമുണ്ടായിരുന്നെങ്കിൽ ഒന്നുകൂടെ ഉയർത്തിക്കാട്ടിയിട് പറയൂ നിങ്ങൾ അഭിമാനിയായ ഒരു വനിതാ മാധ്യമ പ്രവർത്തകയാണെന്ന്. കേരളത്തിലെ നിരവധി പെൺസിംഹങ്ങളുടെ ഈ വിഷയങ്ങളിലെ അപകടകരമായ നിശബ്തതയും ഭയാനകം തന്നെ.
ഒരു കാര്യം പറഞ്ഞുകൊണ്ട് അവസാനിപ്പിക്കട്ടെ. ആരും ആർക്കും അതീതർ അല്ല. ജനാധിപത്യ വ്യവസ്ഥയിൽ പ്രതിപക്ഷ ബഹുമാനത്തിനും വളരെ പ്രാധാന്യമുണ്ട്. വിമർശനത്തിനും അതിരുകൾ ആവശ്യമാണ്. വിമർശനം എന്നാൽ ആക്രമണം എന്നല്ലല്ലോ അർഥം.

Leave A Reply

Your email address will not be published.