Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്‌കറിയയുടെ വീട് വിറ്റു..ലക്ഷങ്ങൾ വാർത്തയെഴുതിയ കേസിൽ നഷ്ടപരിഹാരം നൽകി.. അടുത്ത വിധിയ്ക്ക് മുമ്പ് കുറിച്ച പോസ്റ്റാണ് മലയാളികൾ ഏറ്റെടുത്തത്

 

ഓൺലൈൻ പോർട്ടൽ വാർത്ത മൂലം കോടതികയറിയ മറുനാടൻ മലയാളി, ബ്രിട്ടീഷ് മലയാളി  എന്നീ പത്രങ്ങളുടെ ഉടമയായ ഷാജൻ സ്കറിയക്ക്  കേസ്സുകൾ കൊണ്ട് യു കെ യിൽ നഷ്ടമായത്  ലണ്ടനിൽ വീടും ഒപ്പം ലക്ഷങ്ങളും . ഷാജൻസ്കറിയ യുടെ എഫ് ബി  പോസ്റ്റ്‌  മലയാളികൾ യേറ്റെടുത്തു

ജീവിതത്തിലെ ഏറ്റവും വലിയ പരാജയത്തിന്റെ ദിവസമാണ് ഇന്ന്. ശത്രുക്കള്‍ക്ക് സന്തോഷിക്കാനുള്ള വക ഞാന്‍ തന്നെ തരാം

എന്നെ അറസ്റ്റ് ചെയ്തു… ഞാന്‍ ജയിലിലാണ്… ഞാന്‍ ഉടന്‍ അഴിക്കുള്ളിലാകും… ഞാന്‍ കോടികള്‍ നഷ്ടപരിഹാരം നല്‍കണം… യുകെയില്‍ കാലുകുത്തിയാല്‍ അറസ്റ്റ് ഉണ്ടാവും… ഞാന്‍ ബ്ലാക്ക്‌മെയില്‍ ചെയ്തു… പണം ചോദിച്ചു കിട്ടാത്തതുകൊണ്ട് വാര്‍ത്ത എഴുതി… 35 ലക്ഷം പിഴയിട്ടു… തുടങ്ങി എന്നെ കുറിച്ച് കഴിഞ്ഞ പത്തു വര്‍ഷമായി ധാരാളം കഥകള്‍ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ പത്രങ്ങളിലും വരുന്നുണ്ട്. ചിലതൊക്കെ പുച്ചിച്ചു തള്ളുകയും ചിലരെ തെറി വിളിക്കുകയും ചിലർക്ക് വിശദീകരണം നല്‍കുകയും ചെയ്താണ് ഇത്രയും നാള്‍ ഞാന്‍ ഈ ആരോപണങ്ങളെ നേരിട്ടത്. അതിനുമാത്രമുള്ള പ്രാധാന്യമേ ഞാൻ അവക്ക് കൊടുത്തിരുന്നുള്ളൂ.

എന്നാല്‍ ഇന്നു എനിക്കെതിരെ ഒരു കോടതി വിധി ഉണ്ടാവും. ലണ്ടനിലെ ഹൈക്കോടതിയാണ് എനിക്കെതിരെ വിധിക്കുക. ഏതാണ്ട് 35 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയില്‍ ഒരു തുകയായിരിക്കും നഷ്ടപരിഹാരമായി നല്‍കാന്‍ വിധിക്കുക. അതിനുപുറമെ പരാതിക്കാരന്റെ കോടതി ചെലവും കൊടുക്കാന്‍ വിധിയുണ്ടായേക്കാം.

വക്കീല്‍ ഫീസ് കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ എന്റെ അഭിഭാഷകന്‍ ഇന്നു കോടതിയില്‍ പോവാത്തത്ത് കൊണ്ട് ഞാന്‍ വിധിവിവരം അറിയാന്‍ പോകുന്നത് ഹര്‍ജിക്കാരന്റെ വേര്‍ഷന്‍ പുറത്ത് വരുമ്പോള്‍ മാത്രം ആയിരിക്കും. അതുകൊണ്ട് ഹര്‍ജിക്കാരന്‍ എന്ത് പറയുന്നുവോ അത് തന്നെ ആയിരിക്കും തല്ക്കാലം എനിക്കും പറയാന്‍ ഉള്ളത്. വിധിയുടെ പകര്‍പ്പ് ലഭിച്ച് കഴിയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് കോടതി പറഞ്ഞത് എന്നു വിശദീകരിക്കാം.

ഞാന്‍ യുകെയില്‍ ജീവിച്ചപ്പോള്‍ തുടങ്ങിയ ബ്രിട്ടീഷ് മലയാളി എന്ന പത്രം റിക്രൂട്ട്‌മെന്റ് – മണി ചെയിന്‍ മോഡല്‍ തട്ടിപ്പുകള്‍ക്കെതിരെ തുടക്കം മുതല്‍ കടുത്ത നിലപാട് ആണ് എടുക്കുന്നത്. ബ്രിട്ടീഷ് മലയാളിക്ക് ആഡ് ചെയ്യാന്‍ കഴിയുന്നതിനെക്കാള്‍ കൂടുതല്‍ പരസ്യം ഉള്ളതുകൊണ്ട് ആരുടെ പരസ്യം സ്വീകരിക്കണം എങ്കിലും അത് തട്ടിപ്പല്ല എന്നു ഉത്തമ ബോധ്യം വരുത്താറുണ്ട്.

തട്ടിപ്പാകാന്‍ ഇടയുണ്ട് എന്നു എനിക്ക് തോന്നിയതുകൊണ്ട് ഞാന്‍ പരസ്യം തിരസ്‌കരിച്ച ഒരാള്‍ എന്റെ വാര്‍ത്തയുടെപേരില്‍ കൊടുത്ത ഡിഫമേഷന്‍ കേസിലാണ് വിധി വരുന്നത്. ഞാന്‍ യുകെയില്‍ ജീവിക്കാത്തതുകൊണ്ടും എന്റെ കൈയില്‍ അയാളുടെ കൈയില്‍ ഉള്ളിടത്തോളം പണം കേസ് നടത്താന്‍ ഇല്ലാത്തതുകൊണ്ടും മുന്‍പ് തന്നെ ഡിഫെന്‍സ് ഇല്ല എന്ന് പറഞ്ഞു ഞാന്‍ കൈയൊഴിഞ്ഞ കേസാണ്.

ഞാന്‍ വാര്‍ത്ത എഴുതിയത് ഉത്തമബോധ്യത്തില്‍ ആണെങ്കിലും പണം നഷ്ടപ്പെട്ടവര്‍ പലരും വിസയില്ലാതെയും മറ്റും ഇന്ത്യയിലേക്ക് മടങ്ങിയത് കൊണ്ട് അവരെ കോടതിയില്‍ സാക്ഷിയായി എത്തിക്കാന്‍ സാധിക്കില്ല എന്നു ബോധ്യമായപ്പോള്‍ ആണ് ഇടക്ക് വച്ച് ഞാന്‍ ഡിഫന്‍സ് ഇല്ല എന്നു എഴുതി നല്‍കിയത്. യുകെയിൽ ഉള്ളവർക്ക് തന്നെ ഒരു ദിവസം മെനക്കെട്ടു എനിക്കുവേണ്ടി കോടതിയിൽ ഹാജരാകേണ്ട ബാധ്യത ഇല്ലല്ലോ. എന്നുമാത്രമല്ല ഓരോ തവണയും ലണ്ടന്‍ ഹൈക്കോടതിയില്‍ ബാരിസ്റ്റര്‍ ഹാജരാകാന്‍ വേണ്ടി മാത്രം കൊടുക്കേണ്ടത് ഏഴ് ലക്ഷം രൂപയാണ്.

ഏതാണ്ട് 40 ലക്ഷം രൂപ മുടക്കി കഴിഞ്ഞപ്പോള്‍ ആണ് ഞാന്‍ ഡിഫന്‍സ് ഇല്ല എന്നു എഴുതി കൊടുത്തത്. അത് മുതലാക്കി ഇതേ വാര്‍ത്തയുടെ പേരില്‍ അയാള്‍ നടത്തിയ ക്രിമിനല്‍ കേസിലും എനിക്ക് 40 ലക്ഷത്തോളം രൂപ ചെലവായി. എനിക്ക് യുകെയില്‍ ഉണ്ടായിരുന്ന വീട് വിറ്റ് ആ 80 ലക്ഷം അടച്ച ശേഷമാണ് ഞാന്‍ കേസില്‍ നിന്നും പിന്മാറുന്നത്.

അതുകൊണ്ടാണ് കേസില്‍ എനിക്കെതിരെ വിധി വരും എന്നു എനിക്കുറപ്പുള്ളത്. ഇത്രയും വലിയ സാമ്പത്തിക ബാധ്യത ഉള്ളതുകൊണ്ട് പരാതിക്കാരന്റെ താല്പര്യപ്രകാരം ഞാന്‍ ഒന്നിലധികം തവണ ലണ്ടനില്‍ പോയി അയാളെ നേരിട്ട് കണ്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചതാണ്. എല്ലാം തീര്‍ക്കാം എന്ന് പറഞ്ഞു പിരിയുമെങ്കിലും എന്റെ കോണ്‍ഫിഡന്‍സ് നഷ്ടമായതുകൊണ്ട് അയാള്‍ മുമ്പോട്ട് തന്നെ പോയി.

കോടതി വിധി വരുന്നതുകൊണ്ട് മാത്രം ഞാന്‍ കുറ്റക്കാരന്‍ ആണ് എന്നു കരുതുന്നില്ല. ലണ്ടനില്‍ കേസ് നടത്താനുള്ള സാമ്പത്തിക ശേഷിക്കുറവ് കൊണ്ടും സാക്ഷികളെ എത്തിക്കാനുള്ള പ്രയാസം കൊണ്ടും സാങ്കേതികമായാണ് കേസ് തോറ്റത്. ഈ ഒരു തോല്‍വികൊണ്ട് ഞാനോ എന്റെ മാധ്യമങ്ങളോ ഇല്ലാതാവുകയില്ല എന്നിടത്താണ് ഞാന്‍ ധാര്‍മിക വിജയം നേടുന്നത്.

വിധി വരുന്നതിന് മുമ്പ് വേണമെങ്കിലും ആഘോഷിച്ചോളുക. എനിക്ക് പരാതിയില്ല. എന്റെ നിലപാട് അസ്വസ്ഥതപ്പെടുത്തുന്നവര്‍ അത് ആഘോഷിക്കുമെന്ന് എനിക്കറിയാം. ഈ ആഴ്ച മുഴുവൻ എന്നെ പിടിക്കാൻ കാത്തിരുന്ൻവരുടെ ആഘോഷത്തിന് മറുപടി പറയാൻ പോലും ഞാൻ മെനക്കേടുകയില്ല. അത് വായിക്കാനോ അഭിപ്രായം പറയാനോ എനിക്ക് താല്പര്യം ഇല്ലാത്തതിനാല്‍ ലിങ്ക് ഇട്ട് എന്നെ സ്‌നേഹിക്കാന്‍ ശ്രമിക്കരുത്. അപമാനവും സാമ്പത്തിക നഷ്ടവും പ്രതീക്ഷിച്ച് തന്നെയാണ് ഞാന്‍ സത്യത്തിന് വേണ്ടി ഉറച്ച നിലപാട് എടുത്ത് മുന്നേറുന്നത്. അതുകൊണ്ട് ഒന്നോ രണ്ടോ ദിവസത്തെ മാനസിക ബുദ്ധിമുട്ടിന് ശേഷം ഞാന്‍ വീണ്ടും പഴയ ഷാജനാകും.

ഇക്കാര്യത്തില്‍ എനിക്ക് ആരുടെയും സഹായമോ അനുകമ്പയോ ഒന്നും വേണ്ട. എനിക്കെതിരെ മലവെള്ളപ്പാച്ചില്‍ പോലെ വാര്‍ത്തകള്‍ വരുമ്പോള്‍ സത്യം അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇതു പറയുന്നത്. പരാതിക്കാരന്റെയോ അയാളുടെ സ്ഥാപനത്തിന്റെയോ പേരുകള്‍ പരാമര്‍ശിക്കാന്‍ എനിക്ക് കോടതി വിലക്കുള്ളതിനാല്‍ ആണ് ഞാന്‍ കേസിന്റെ വിശദാംശങ്ങള്‍ പറയാന്‍ ശ്രമിക്കാത്തത്.

ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയം ബാക്കി നില്‍ക്കുകയോ കേസിന്റെ രേഖകള്‍ കാണാന്‍ ആഗ്രഹിക്കുകയോ ചെയ്താല്‍ എന്റെ ഇമെയിലില്‍ എഴുതി ചോദിച്ചാല്‍ ഞാന്‍ കൂടുതല്‍ വിശദമായ വിശദീകരണം ഇമെയില്‍ അയച്ചു തരുന്നതാണ്. എന്റെ സത്യസന്ധത തെളിക്കേണ്ടത് എന്റെ ബാധ്യതയായതിനാല്‍ ആണ് ഇതു ചെയ്യുന്നത്. നിയമത്തെ ഭയന്നും ആദരിച്ചും സത്യത്തിന് വേണ്ടി എക്കാലത്തും നിലകൊള്ളാന്‍ എനിക്ക് സാധിക്കട്ടെ എന്നാണ് എന്നെക്കുറിച്ചുള്ള എന്റെ പ്രാര്‍ത്ഥന.
shajan@marunadan.in

Leave A Reply

Your email address will not be published.