Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

മഞ്ജു വാര്യർക്ക് എം.കെ.കെ നായർ പുരസ്കാരം നൽകുന്നതിനെ വിമർശിച്ച് കലാമണ്ഡലംഹേമലത

കേരള കലാമണ്ഡലം എം.കെ.കെ നായര്‍ പുരസ്‌കാരം മഞ്ജു വാര്യര്‍ക്ക് നല്‍കിയത് ശരിയായില്ലെന്ന് വുമണ്‍ പെര്‍ഫോര്‍മിങ് ആര്‍ട്സ് അസോസിയേഷന്‍. കലാമണ്ഡലത്തില്‍ നിന്ന് പഠിച്ചിറങ്ങുന്ന കലാകാരന്‍മാരെ തഴഞ്ഞാണ് അഭിനേതാക്കള്‍ക്ക് ഈ പുരസ്‌കാരം നല്‍കുന്നതെന്ന് അസോസിയേഷന്‍ സെക്രട്ടറി കലാമണ്ഡലം ഹേമലത മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

കലാകാരന്‍മാരുടെ ഉപജീവനമാര്‍ഗമാണിത്. നൃത്തത്തില്‍ കഴിവ് തെളിയിച്ച പലരും ഇന്ന് ജീവിക്കാനായി പെട്രോള്‍ പമ്പിലും തുണിക്കടയിലുമെല്ലാം ജോലി ചെയ്യുകയാണ്. ഇവിടെ ഞങ്ങള്‍ക്ക് യാതൊരു വിലയുമില്ല. കലാമണ്ഡലത്തിന്റെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ഇതിനെക്കുറിച്ച് ചിന്തിക്കാറുമില്ല.

മഞ്ജു വാര്യര്‍ നല്ല നര്‍ത്തകിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ നൃത്തത്തിന് എന്ത് സംഭാവനയാണ് അവര്‍ ചെയ്തത്? ഇത്രയും കാലം എവിടെയായിരുന്നു? വര്‍ഷങ്ങളായി നൃത്തം ജീവിതോപാധിയാക്കിയവര്‍ക്ക് ഒരു വിലയുമില്ലേ? ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്ത് കലാമണ്ഡലത്തില്‍ പഠിച്ച പലരും ആദിവാസി മേഖലകളിലും മലയോര മേഖലകളിലും നൃത്തം പഠിപ്പിക്കുന്നുണ്ട്. അവരുടെ ഈ സമര്‍പ്പണമൊന്നും ആരും കാണുന്നില്ല? അധികൃതര്‍ ഇതെല്ലാം അവഗണിക്കുകയാണ്.

ഇത്തരം പുരസ്‌കാരങ്ങള്‍ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഒരു പ്രോത്സാഹനമാണ്. പക്ഷേ അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷാപാതം പ്രകടമാണ്. ഇത് ചോദ്യം ചെയ്താല്‍ കലാമണ്ഡലത്തിലേക്ക് കടക്കാന്‍ പോലും അനുമതി നിഷേധിക്കും. അതിനാല്‍ പലരും മിണ്ടാതിരുന്ന് സഹിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഈ പുരസ്‌കാരം നല്‍കിയത് നടൻ ജയറാമിനാണ്. ഇത്രയും പണമുണ്ടാക്കുന്ന സിനിമാക്കാര്‍ക്ക് ഇതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ ഞങ്ങളെപ്പോലുള്ളവര്‍ക്ക് അതൊരു വലിയ ആശ്വാസമായിരിക്കും. എനിക്ക് വേണ്ടിയല്ല ഞാന്‍ ശബ്ദമുയര്‍ത്തുന്നത്. ജീവിക്കാന്‍ ഗതിയില്ലാതെ അലയുന്ന ഒരു കൂട്ടം കലാകാരന്മാര്‍ക്ക് വേണ്ടിയാണ്. എനിക്കൊപ്പം ഒരുപാട് പേരുണ്ട്- ഹേമലത കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.