Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ബുൾബുൾ


കുറെ വർഷങ്ങളായി ബോളിവുഡ് ചലച്ചിത്രരംഗത്ത് തിരക്കഥ രചനയിലൂടെയും, വരികൾ എഴുതിയും തിളങ്ങി നിന്ന അൻവിദ ദത്ത് ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് ‘ബുൾബുൾ’. അൻവിദ തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് നടി അനുഷ്ക ശർമ്മയും കർണേഷ് ശർമ്മയും ചേർന്നാണ്. നെറ്ഫ്ലിസ് ഒറിജിനൽ മൂവി ആയി നെറ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു. തൃപ്തി ദിംറി ബുൾബുൾ ആയി വേഷമിടുന്ന ചിത്രത്തിൽ, അവിനേഷ്‌ തിവാരി, രാഹുൽ ബോസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നമ്മുടെയൊക്കെ ചെറുപ്പത്തിൽ കേട്ട മുത്തശ്ശിക്കഥകളെ അനുസ്മരിക്കും വിധം പത്തൊൻപതാം നൂറ്റാണ്ടിൽ നടക്കുന്ന ഒരു യക്ഷികഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. യക്ഷി എന്ന മിത്തിനെ കൂട്ടുപിടിച്ച് ഈ അടുത്തകാലത്തുപോലും നടക്കുന്ന ചില ആനുകാലികപ്രശ്നങ്ങൾ ചിത്രത്തിൽ ചർച്ച ചെയ്യപെടുന്നുണ്ട്. ഇതിലെ നായികയെ ഇത്തരം പ്രശ്നങ്ങൾക്കെതിരെ പോരാടുന്ന ഒരു കഥാപാത്രമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

1881 ൽ ബംഗാൾ പ്രെസിഡെൻസിയിൽ നടക്കുന്ന ഒരു ശൈശവവിവാഹത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്. കൊച്ചുകുട്ടിയായ ബുൾബുളിനെ (രുചി മഹാജൻ) ഇന്ദ്രാനിൽ ( രാഹുൽ ബോസ് ) വിവാഹം ചെയുന്നു. ഇയാൾക്ക് മഹേന്ദ്ര എന്ന മന്ദബുദ്ധിയായ ഒരു ഇരട്ടസഹോദരൻ കൂടെയുണ്ട്. ബുൾബുൾ, ഇന്ദ്രനിലിന്റെ സഹോദരനായ സത്യയുമായി(വരുൺ ബുദ്ധദേവ്) കൂട്ട് കൂടുന്നു. വിവാഹത്തിന്റെ അന്ന് തന്റെ ഭർത്താവിന്റെ വസതിയിലേക്കുള്ള യാത്രയിൽ സത്യ ബുൾബുളിന് ഒരു നാടോടിക്കഥ പറഞ്ഞുകൊടുക്കുന്നു. നിഗൂഡത നിറഞ്ഞ കാട്ടിൽ ജീവിക്കുന്ന, മനുഷ്യരക്തം കുടിക്കുന്ന ഒരു യക്ഷിയുടെ കഥ.

അന്ന് രാത്രി നടക്കുന്ന ചില സംഭവങ്ങൾക്ക് ശേഷം ഇരുപത് വർഷങ്ങൾക്കിപ്പുറം നടക്കുന്ന കഥയാണ് ചിത്രത്തിൽ പിന്നീട് കാണിക്കുന്നത്. അഞ്ചു വർഷത്തെ ഉപരിപഠനം കഴിഞ്ഞു സത്യ(അവിനേഷ്‌ തിവാരി) തന്റെ കളികൂട്ടുകാരി ബുൾബുളിനെ കാണാൻ തിരിച്ചു നാട്ടിലേക്ക് വരുന്നു. വരവിനിടയിൽ ഒരു യക്ഷിയുടെ പശ്ചാത്തലം അനുഭവപ്പെടുന്നുണ്ടെങ്കിലും, വ്യക്തമായി കാണിക്കുന്നില്ല. പിന്നീട് ആ കൊട്ടാരത്തിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന കാട്ടിൽ ചില കൊലപാതകങ്ങൾ നടക്കുന്നു. ഇത് യക്ഷി കൊന്നതാണെന്ന് വിശ്വസിക്കുന്ന നാട്ടുകാരെ ഗൗനിക്കാതെ സത്യ കൊലപാതകങ്ങളുടെ ചുരുളഴിക്കാൻ ഇറങ്ങി പുറപ്പെടുന്നത് തൊട്ട് മിസ്റ്ററിയും ത്രില്ലിങ്ങും നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ ചിത്രം മുന്നോട്ട് പോകുന്നു. അന്ന് നിലനിന്നിരുന്ന ചില അനാചാരങ്ങളും, വലിയ കുടുംബങ്ങളിൽ സ്ത്രീകൾ നേരിടേണ്ടി വന്ന പ്രശ്നങ്ങളും ഇതിനിടയിൽ ചർച്ച ചെയ്യുന്നുണ്ട്. കുറ്റവാളിയെ തേടിയുള്ള സത്യയുടെ യാത്രയുമായി ചിത്രം മുന്നോട്ട് പോവുന്നതിനു സമാന്തരമായി ശൈശവവിവാഹത്തിനു ശേഷമുള്ള ബുൾബുളിന്റെ ജീവിതം, അവളുടെ ഓർമകളിലൂടെ കാണിച്ചുതരുന്നുമുണ്ട്. തുടക്കത്തിൽ തന്നെ അഞ്ചുവയസ്സുകാരിയായി വന്ന് പ്രേക്ഷകനെ കയ്യിലെടുത്ത ബുൾബുൾ എന്ന കഥാപാത്രം ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്നുണ്ട്. ചിത്രത്തിന്റെ അവസാനത്തോടടുക്കുംതോറും മാനസികമായി ആ കഥാപാത്രത്തിനോട് വല്ലാത്ത ഒരു അടുപ്പം തോന്നിക്കുന്നുണ്ട്. ഇത് തന്നെയാണ് ചിത്രത്തിന്റെ വിജയവും.

ചിത്രത്തിൽ എടുത്തു പറയേണ്ട കാര്യങ്ങളിൽ ഏറ്റവും ആദ്യത്തേത്, ബുൾബുൾ ആയി വിസ്മയിപ്പിച്ച തൃപ്തി ദിംറിയുടെ പ്രകടനം തന്നെയാണ്. ജീവിതത്തിന്റെ പല തലങ്ങളിലൂടെയും സഞ്ചരിക്കുന്ന ഒരു കഥാപാത്രത്തെ, വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഇടതൂർന്ന മുടിയും ബുൾബുളിന്റെ വശ്യതയാർന്ന ചിരിയും ചിത്രം കഴിഞ്ഞിറങ്ങുമ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഒരു മുഴുനീള സ്ത്രീ കഥാപാത്രം, സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്ന കഥാപശ്ചാത്തലം എന്നിവ വളരെ വിരളമായ സിനിമ മേഖലയിൽ, തൃപ്തിയുടെ ബുൾബുൾ ഒരു ക്‌ളാസ്സിക് ആയി തന്നെ നിലകൊള്ളും. അവിനേഷ്‌ തിവാരിയും, ഇരട്ടവേഷം ചെയ്ത രാഹുൽ ബോസും മികച്ചു നിന്നു. ഡോക്ടർ സുധീപ് ആയി വന്ന ബംഗാളി സംവിധായകനും നടനുമായ പരംബ്രത ചാറ്റർജി വളരെ അച്ചടക്കത്തോടെ തന്റെ റോൾ ഗംഭീരമാക്കി. ബിനോദിനി എന്ന ചേട്ടത്തിയമ്മ കഥാപാത്രം ചെയ്ത പാവോലി അസാധ്യ പ്രകടനം കാഴ്ചവെച്ചു.

ടെക്‌നിക്കൽ വശങ്ങളിൽ ഒന്നിനൊന്നു മെച്ചമാണ് ബുൾബുൾ. പതിയെ പറഞ്ഞുതുടങ്ങി ത്രില്ലറും മിസ്റ്ററിയും കൂട്ടി കലർത്തി, ഗംഭീരമായി അവസാനിക്കുന്ന ചിത്രത്തെ ഭംഗിയായി അവതരിപ്പിക്കുന്നതിൽ സംവിധായകയും തിരക്കഥാകൃത്തുമായ അൻവിദ ദത്ത് പൂർണ്ണമായി വിജയിച്ചിരിക്കുന്നു എന്ന് പറയാം. കഥാപശ്ചാത്തലം ആവശ്യപ്പെടുന്ന തരത്തിൽ ചിത്രത്തെ ക്യാമറയിൽ പകർത്തി മനോഹരമായ ദൃശ്യവിരുന്ന് ഒരുക്കിയ സിദ്ധാർഥ് ദിവാന്റെ ഛായാഗ്രഹണവും, യക്ഷികഥ ആണെങ്കിൽ കൂടി ബഹളങ്ങളില്ലാതെ സംഗീതം നിർവഹിച്ച അമിത് ത്രിവേദിയും ബുൾബുളിനെ ഒരു മികച്ച സിനിമയാക്കി മാറ്റി. ചിത്രത്തിന്റെ ഓരോ ഫ്രെമുകളും ഓരോ പെയിന്റിംഗ് പോലെ തോന്നിച്ചു. കളറിങ്ങും, കലാസംവിധാനവും നന്നായി വന്നിട്ടുണ്ട്.

നാടോടിക്കഥയുടെ പുനരാവിഷ്കരണം എന്നല്ലാതെ, ഒരു സ്ത്രീപക്ഷ ചിത്രമായി ആണ് ബുൾബുളിനെ സമീപിക്കേണ്ടത്. കഥ നടക്കുന്നത് രണ്ട് നൂറ്റാണ്ടുകൾക്ക് അപ്പുറമാണെങ്കിലും ഇന്ന് നടക്കുന്ന ഒരുപാട് കാര്യങ്ങൾ ചർച്ചചെയ്യപെടുന്നുണ്ട്. അത്തരം കഥാസന്ദർഭങ്ങളെ ഒരു യക്ഷികഥയിലേക്ക് സന്നിവേശിപ്പിച്ച് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ബുൾബുളിലൂടെ. ചിത്രം കണ്ടുകഴിയുമ്പോൾ ഒരുപാട് കാര്യങ്ങൾ ഉള്ളിലൊതുക്കി എല്ലാത്തിനും വശ്യതയാർന്ന ചിരിയാൽ മറുപടി നൽകുന്ന ബുൾബുൾ ഓരോ പ്രേക്ഷകന്റെയും മനസ്സിൽ തങ്ങിനിൽക്കും.

OTT പ്ലാറ്റ്‌ഫോമായ നെറ്ഫ്ലിസ് വഴി ഈ ചിത്രം കാണാം.

Leave A Reply

Your email address will not be published.