Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

പുലി കടിച്ചുകീറിയിട്ടും പിടിവിടാതെ ഫോട്ടഗോഗ്രാഫർ പ്രദീപ്‌ വടക്കൂര ഓർക്കുന്നു

തൃശൂര്‍ അക്കിക്കാവില്‍ പുലിയിറങ്ങിയ ദിവസം. 1991 ഡിസംബര്‍ 10. തൃശൂരില്‍ നിന്ന് അക്കാലത്ത് പുറത്തിറങ്ങിയ എക്സ്പ്രസിന്റെ ഫൊട്ടോഗ്രാഫറായിരുന്നു പ്രദീപ്. പുലിയുടെ പടമെടുക്കാന്‍ സുഹൃത്തിന്റെ ബൈക്കില്‍ അക്കിക്കാവിലേയ്ക്കു കുതിച്ചു. അക്കിക്കാവില്‍ എത്തി ഒരു ചെറിയ ഇടവഴിയിലേയ്ക്കു ബൈക്ക് തിരിഞ്ഞു. പിന്നെ കാണുന്ന കാഴ്ച ബൈക്കിന് മുകളിലൂടെ പുലി ചാടുന്നതാണ്. നെഞ്ചുവിറച്ച നിമിഷങ്ങള്‍. ചെറിയ നിമിഷത്തിന്റെ വ്യത്യാസത്തിലാണ് പുലിയില്‍ നിന്ന് രക്ഷപ്പെട്ടത്. നടുക്കം വിട്ടുമാറും മുമ്പേ, ബൈക്ക് നിര്‍ത്തി പുലി ഓടിയ ഭാഗത്തേയ്ക്കു പാഞ്ഞു.

 

പലതട്ടുകളായ ഭൂമിയാണ്. പുലി എവിടെയാണെന്ന് കണ്ടെത്തുക പ്രയാസം. എത്രയും വേഗം പുലിയുടെ നല്ലൊരു പടമെടുക്കണം. മനസില്‍ അതു മാത്രമാണ് ചിന്ത. എങ്ങനെ, പടമെടുക്കും. അപ്പോഴാണ് പരിസരത്തെ ഒരു മാവ് ശ്രദ്ധയില്‍പ്പെട്ടത്. ആ മാവിന്റെ മുകളില്‍ കയറി. ഏകദേശം പത്തടി ഉയരം കാണും. കാമറ ബാഗുമായി വലിഞ്ഞുക്കയറി. ഇതുകണ്ടതോടെ നാട്ടുകാരും മാവിന്‍റെ മുകളിലേയ്ക്കു കയറി തുടങ്ങി. മാവിന്റെ ചില്ലകള്‍ ഏതുസമയും ഒടിഞ്ഞു വീഴാം. മരത്തിന്റെ മുകളില്‍ ചെന്നപ്പോള്‍ ആ പുലിയെ കണ്ടു. പറമ്പ് നിറയെ ഉണക്കപുല്ലാണ്. അതിനിടയില്‍ പുലി പതിയിരിക്കുന്നു. ഇതിനിടെ, ആരോ ആ ഉണ്ണക്കപുല്ലിലേയ്ക്കു കല്ലെറിഞ്ഞു. പരക്കം പാഞ്ഞ പുലി നേരെ ഓടി വന്നത് മാവിന്‍ ചുവട്ടില്‍. മാവിന്റെ അടുത്തേയ്ക്കു പുലി വരുന്നത് കണ്ടതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ ആളുകള്‍ ഓടിമറഞ്ഞു.

പുലിയുടെ പടമെടുക്കാനുള്ള വെമ്പലിനിടെ ചാടിയോടാന്‍ മറന്നു. പുലി മരചുവട്ടില്‍. മേലെ ഫൊട്ടോഗ്രാഫറും മറ്റൊരു പയ്യനും. ശൗര്യത്തോടെ പുലി നോക്കിയത് ഓര്‍മയുണ്ട്. പടമെടുക്കാനായി കാമറയിലെ ബട്ടണ്‍ ഞെക്കാന്‍ പോലും ഭയം. ഇതിനിടെ, വീണ്ടും പുലിയ്ക്കു നേരെ കല്ലേറ്. കല്ലെറിഞ്ഞത് മരത്തിന്റെ മുകളില്‍ നിന്നാണെന്ന ശൗര്യത്തില്‍ പുലി മരച്ചില്ലയിലേയ്ക്കു ചാടി. കയ്യിലുള്ള കാമറ ബാഗ് പുലിയ്ക്കു നേരെ വീശി. പുലിയുടെ ഭാരം കൂടി താങ്ങാന്‍ കഴിയാതെ പുലിയുമായി ഫൊട്ടോഗ്രാഫര്‍ പ്രദീപും നിലത്തേയ്ക്കു വീണു. മരച്ചില്ലയും പുലിയും പ്രദീപും കൂടി കെട്ടിപ്പുണര്‍ന്നുള്ള വീഴ്ച. ഇതുകണ്ട ഉടനെ, നാട്ടുകാര്‍ തുരുതുരാ കല്ലെറിഞ്ഞു. പുലി വേഗം സ്ഥലംവിട്ടു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ഫൊട്ടോഗ്രാഫര്‍ പ്രദീപ് പറഞ്ഞു. ‘ഒന്നും പറ്റിയിട്ടില്ല. ഭാഗ്യം’.

പക്ഷേ, ഇട്ടിരുന്ന ഷര്‍ട്ട് മുഴുവന്‍ ചോരയില്‍ മുങ്ങിയിരുന്നു. കയ്യിലും നെഞ്ചിലും മുറിവ്. പുലി കടിച്ചത് കയ്യില്‍ തോളിനും മുട്ടിനും മധ്യേ. നെഞ്ചില്‍ പുലിയുടെ കാല്‍ കൊണ്ട് മുറിവ്. നേരെ, അക്കിക്കാവിലെ ആശുപത്രിയിലേക്ക്. മുറിവില്‍ മരുന്നു വച്ചുക്കെട്ടി. തിരിച്ച് തൃശൂരിലേയ്ക്കു മടങ്ങാനൊരുമ്പോഴാണ് മറ്റൊരു വിവരം അറിയുന്നത്. വെടിവയ്ക്കാന്‍ വന്ന വെറ്ററിനറി ഡോക്ടര്‍ ജേക്കബ് ചീരനെ പുലി മാന്തി. പിന്നെ, മറ്റൊന്നും ആലോചിച്ചില്ല. വീണ്ടും നല്ല പടമെടുക്കാന്‍ അക്കിക്കാവിലേയ്ക്ക്. മുളങ്കൂട്ടത്തിനു മധ്യേ പുലി നില്‍ക്കുകയാണ്. അന്നത്തെ കുന്നംകുളം എസ്.ഐ: ശ്രീരാമന്‍ മറ്റൊന്നും ആലോചിച്ചില്ല. തോക്കെടുത്ത് നിറയൊഴിച്ചു. വെടിക്കൊണ്ട പുലി വീണ്ടും ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞു. ഒരാളെ കടിച്ചുപിടിച്ചു. ഇതിനിടെ, മറ്റുള്ളവര്‍ പുലിയെ വടിക്കൊണ്ടും കല്ലുക്കൊണ്ടും തല്ലിക്കൊന്നു. ഓടുന്നതിനിടിയില്‍ തിരിഞ്ഞു നോക്കിയപ്പോള്‍ പുലിയെ തല്ലിക്കൊല്ലുന്നതാണ് കണ്ടത്. ഉടനെ, കാമറ ക്ലിക്ക് ചെയ്തു. നല്ലൊരു പടം കിട്ടി. പിന്നെ, തിരിച്ച് ഓഫിസില്‍ എത്തി ഫിലിം കഴുകിയപ്പോഴാണ് നല്ല പടങ്ങള്‍ കിട്ടിയെന്ന് ഉറപ്പിച്ചത്. അപ്പോഴേയ്ക്കും നേരം ഇരുട്ടിയിരുന്നു. രാത്രിയായപ്പോഴേയ്ക്കും നല്ല പനി. കയ്യില്‍ വേദന. ഉടനെ, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു കുതിച്ചു.

പരിശോധിച്ചപ്പോള്‍ പുലി കടിച്ച ഭാഗത്ത് നല്ല പഴുപ്പ്. കയ്യിലെ ആ പഴുപ്പു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. തോളിനും മുട്ടിനും മധ്യേ കയ്യിലെ ആ പഴുപ്പു നീക്കിയപ്പോള്‍ ചെറിയൊരു കുഴിയായി. പുലിയുടെ ഓര്‍മയ്ക്ക് ശരീരത്തില്‍ വന്ന കുഴി. പിന്നെയും പതിനഞ്ചു ദിവസം ഇഞ്ചക്ഷന്‍, ചികില്‍സ. അവസാനം, മുറിവുണങ്ങി വീണ്ടും ജോലിയിലേയ്ക്കു പ്രവേശിച്ചു. ഇത്ര നല്ല ഫൊട്ടോകള്‍ കാമറയില്‍ പകര്‍ത്തിയെങ്കിലും അവാര്‍ഡിനയയ്ക്കണമെന്ന കാര്യം അറിവില്ലായിരുന്നു. ഇത്രയും കഷ്ടപ്പെട്ട് കാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് ഒരു ബഹുമതി പോലും കിട്ടിയില്ല. പക്ഷേ, തൃശൂരിലാകെ പ്രദീപിന് ഒരു പേര് വീണു ‘പുലി പ്രദീപ്’. പിന്നെ, ആന വെറ്ററിനറി ഡോക്ടറെ ചവട്ടിക്കൊന്ന ചിത്രത്തിന് പ്രദീപിന് ദേശീയ, സംസ്ഥാന പുരസ്ക്കാരങ്ങള്‍ ലഭിച്ചു.

പല നല്ല ചിത്രങ്ങള്‍ക്കും പുരസ്ക്കാരങ്ങള്‍ നിരവധി ലഭിച്ചു. പക്ഷേ, എവിടെ പുലിയിറങ്ങിയാലും തൃശൂരിലെ മാധ്യമപ്രവര്‍ത്തകരുടെ മനസില്‍ ആദ്യം ഓടിവരുന്ന ഓര്‍മയാണ് പ്രദീപ് പുലിയില്‍ നിന്ന് രക്ഷപ്പെട്ട കഥയാണ്. പുലിയുടെ ആക്രമണത്തിനിരയായ കേരളത്തിലെ അപൂര്‍വം മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരിക്കും തൃശൂര്‍ വടക്കൂര സ്വദേശി പ്രദീപ്.

Leave A Reply

Your email address will not be published.