Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ത്രില്ലടിപ്പിച്ച് തടം

2019 ലെ മികച്ച പത്ത് സിനിമകൾ എടുത്ത് നോക്കിയാൽ അതിൽ മുൻപന്തിയിൽ തന്നെയുണ്ടാവും മകിഴ് തിരുമേനി സംവിധാനം ചെയ്ത ‘തടം’. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെട്ട ചിത്രത്തിൽ അരുൺ വിജയ് ഡബിൾ റോളിൽ എത്തുന്നു. പണ്ടത്തെ മാസ്സ് മസാല തമിഴ് ചിത്രങ്ങളെ ഓർമ്മിപ്പിക്കും വിധം, നായകൻ ഇരട്ടവേഷത്തിൽ എത്തുന്ന ‘തടം’, പക്ഷെ അവതരണത്തിലെ പുതുമ കൊണ്ട് ശ്രേദ്ധേയമാകുന്നു. കഴിഞ്ഞ വർഷം മാർച്ച് ഒന്നിന് റിലീസ് ആയ ചിത്രം, കഴിഞ്ഞ വർഷത്തെ ബ്ലോക്ക്ബസ്റ്ററിൽ ഒന്നാണ്.

അരുൺ വിജയ് അവതരിപ്പിക്കുന്ന എഴിൽ, കെവിൻ എന്ന രണ്ടു കഥാപാത്രങ്ങളിലൂടെയാണ് ചിത്രം തുടങ്ങുന്നത്. സിവിൽ എഞ്ചിനീയറായ എഴിൽ ദീപികയുമായി ( ടാനിയ ഹോപ്പ്) പ്രണയത്തിലാവുന്നു. ഇതേ സമയം എഴിലിന്റെ രൂപസാദൃശ്യമുള്ള കെവിൻ മറ്റൊരിടത്ത് ചില തട്ടിപ്പുകളും ചൂതാട്ടവുമായി ജീവിക്കുന്നു. രണ്ടുപേരുടെയും ജീവിതം മുന്നോട്ട് പോയ്കൊണ്ടിരിക്കെ, നഗരത്തിൽ അരുൺ എന്ന ഒരു ചെറുപ്പക്കാരൻ മരണപ്പെടുന്നു. ഈ കൊലപാതകം ചെയ്തത് എഴിൽ ആണെന്ന് പ്രാഥമിക തെളിവുകളുടെ പശ്ചാത്തലത്തിൽ പോലീസ് കണ്ടുപിടിക്കുന്നു. പക്ഷെ എഴിൽ കുറ്റം സമ്മതിക്കുന്നില്ല. ഗോപാലകൃഷ്ണൻ എന്ന പോലീസ് ഇൻസ്പെക്ടർ എഴിലിനോടുള്ള മുൻകാല വൈരാഗ്യം കണക്കിലെടുത്ത് കുറ്റം എഴിലിന്റെ മുകളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. അന്ന് രാത്രി മദ്യപിച്ചു വാഹനമോടിച്ചതിന് കെവിനെ പോലീസ് അറസ്റ്റ് ചെയ്ത് ഇതേ പോലീസ് സ്റ്റേഷനിൽ കൊണ്ടുവരുന്നു. ഏഴിലും കെവിനും കാണാൻ ഫോട്ടോകോപ്പി പോലെ ആണെന്നതിനാൽ പൊലീസിന് ഇതിലാരാണ് കുറ്റം ചെയ്തതെന്ന് കണ്ടുപിടിക്കാൻ പറ്റാതാവുന്നു. ഇവിടെ തുടങ്ങി പ്രേക്ഷകനെ ത്രില്ലടിപ്പിച്ചു നീങ്ങുന്നു ‘തടം’. എഴിൽ, കെവിൻ എന്ന രണ്ടുപേരിൽ നിന്നും, ഒരു കുറ്റവാളിയെ കണ്ടെത്താനുള്ള ശ്രമമാണ് പിന്നീട് ചിത്രത്തിൽ.

ഒരുപിടി നല്ല രംഗങ്ങളും, വൈകാരികമായ മുഹൂർത്തങ്ങളും ഒക്കെയായി മികച്ചരീതിയിൽ കഥ പറഞ്ഞു പോകുന്നുണ്ട് ‘തടം’. ഇരട്ടവേഷത്തിലുള്ള അരുൺ വിജയുടെ പ്രകടനം തന്നെയാണ് ചിത്രത്തിനെ വേറിട്ട് നിർത്തുന്നത്. രണ്ടു തരത്തിലുള്ള കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് അരുൺ വിജയ്. വിദ്യ പ്രദീപ് അവതരിപ്പിച്ച പോലീസ് കഥാപാത്രം മികച്ചു നിന്നു. ഒരു ബോൾഡായ ജൂനിയർ പോലീസ് ഉദ്യോഗസ്ഥയായി വിദ്യ തിളങ്ങി എന്ന് തന്നെ പറയാം. എല്ലാവരുടെയും മികച്ച പ്രകടനം ചിത്രത്തിന്റെ മൊത്തത്തിലുള്ള ഒരു അനുഭവം മികച്ചതാക്കുന്നുണ്ട്.

മകിഴ് തിരുമേനി എന്ന യുവസംവിധായകന്റെ ഇതുവരെ ചെയ്തതിലെ വ്യത്യസ്തമായ ഒരു ചിത്രം തന്നെയാണ് തടം. ഇതിനു മുൻപ് അരുൺ വിജയുമായി ചെയ്ത തടയാറ താക്ക എന്ന ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. കുഴഞ്ഞു മറിഞ്ഞിരിക്കുന്ന ഒരുപാട് കഥകളെ പ്രേക്ഷകനെ കുഴപ്പിക്കാത്ത രീതിയിൽ സംവിധാനം ചെയ്യാൻ മകിഴിനു കഴിഞ്ഞു. മകിഴ് തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. 2021 ൽ വിജയുടെ
(ദളപതി 66 ) കൂടെയാണ് മകിഴിന്റെ അടുത്ത ചിത്രം.

ഗോപിനാഥ് ചിത്രത്തിന്റെ ഛായാഗ്രഹണം നല്ല രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. രാത്രിയിലെ രംഗങ്ങളെല്ലാം ഗംഭീരമായിരുന്നു. എൻ. ബി. ശ്രീകാന്താണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. നായകൻ ഇരട്ടവേഷത്തിൽ എത്തുന്ന ചിത്രങ്ങൾ എഡിറ്റ് ചെയുമ്പോൾ പ്രേക്ഷകന് ഒരു ഏച്ചുകെട്ടിൽ ഫീൽ വരാൻ പാടില്ല. സൂര്യ നായകനായ ‘മാട്രാൻ’ ഈയൊരു പ്രശ്നം നന്നായി അറിഞ്ഞ ചിത്രമായിരുന്നു. എന്നാൽ ഇത്തരം ബുദ്ധിമുട്ടുകളൊന്നും പ്രേക്ഷകന് സമ്മാനിക്കാത്ത രീതിയിൽ ചിത്രം എഡിറ്റ് ചെയ്തിട്ടുണ്ട് ശ്രീകാന്ത്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ നല്ലതായിരുന്നു. മധൻ കർക്കി എഴുതി സിദ് ശ്രീറാം പാടിയ ഇണയെ എന്ന ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു.

ആക്‌ഷൻ ത്രില്ലർ ചിത്രങ്ങളുടെ ആരാധകർക്ക് ധൈര്യമായി കാണാവുന്ന ചിത്രമാണ് ‘തടം’. അരുൺ വിജയ് എന്ന നടൻ തമിഴകത്ത് തനിക്ക് വ്യക്തമായ ഒരു സ്ഥാനമുണ്ടെന്ന് തെളിയിക്കുകയാണ് ഈ ചിത്രത്തിലൂടെ.

സൺനെക്സ്റ്റ് വഴി ഓൺലൈൻ പ്ലാറ്റഫോമിലും ഈ ചിത്രം കാണാം.

Leave A Reply

Your email address will not be published.