Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ഇന്ത്യൻ കുതിപ്പ് തടയാൻ ലങ്കയ്ക്കായില്ല,രോഹിതിന് തകർപ്പൻ 100

ലങ്കയ്ക്ക് 88 റൺസിന്റെ തോൽവി

ബാറ്റു കൊണ്ടും പന്ത് കൊണ്ടും ടീം ഇന്ത്യ ഇന്‍ഡോറില്‍ കൊടുങ്കാറ്റ് വിതച്ചപ്പോള്‍ രോഹിത്തും കൂട്ടരും ശ്രീലങ്കയെ ഇഞ്ചിഞ്ചായി കൊല്ലുകയാരുന്നു.ഇന്ത്യ ഉയര്‍ത്തിയ പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്ന ലങ്ക ആദ്യമൊക്കെ തിരിച്ചടിച്ചെങ്കിലും മുന്‍നിര വിക്കറ്റുകള്‍ വീണതോടെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. ഒടുവില്‍ 88 റണ്‍സിന്റെ തോല്‍വി വഴങ്ങി കളംവിട്ടു.

നേരത്തെ, മരതകദ്വീപുകാരോട് പകവീട്ടും പോലെയായിരുന്നു ടീം ഇന്ത്യയുടെ ഇന്‍ഡോറിലെ തീപ്പൊരി ബാറ്റിങ്. ബാറ്റെടുത്തവരെല്ലാം താണ്ഡവമാടിയപ്പോള്‍ ക്രിസ്മസ് തണുപ്പിലും ലങ്കന്‍ ബോളര്‍മാര്‍ ഉരുകിയൊലിച്ചു. ടോസ് നേടി ഇന്ത്യയെ ബാറ്റിങിന് അയക്കാന്‍ തീരുമാനിച്ചതു മുതല്‍ ലങ്കയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു.

ഓപ്പണര്‍മാരായി ഇറങ്ങിയ നായകന്‍ രോഹിത് ശര്‍മയും ലോകേഷ് രാഹുലും ചേര്‍ന്ന് ലങ്കന്‍ ബോളര്‍മാരെ തലങ്ങുംവിലങ്ങും തല്ലിച്ചതച്ചു. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് കൂട്ടുകെട്ടില്‍ കെട്ടിപ്പൊക്കിയത് 165 റണ്‍സിന്റെ റണ്‍മലയായിരുന്നു. ഒരാളെയും വെറുതെ വിടാതെയായിരുന്നു രോഹിത്തിന്റെ ആക്രമണം. രോഹിതിനെതിരെ മുഖാമുഖം വന്നവരെല്ലാം പ്രഹരമേറ്റു തളര്‍ന്നു. ബോളര്‍മാരെ അതിര്‍ത്തിക്കപ്പുറത്തേക്ക് അടിച്ചകറ്റുന്നതില്‍ മാത്രമായിരുന്നു രോഹിതിന്റെ ശ്രദ്ധ. സിക്സറുകളും ബൌണ്ടറികളും തുടരെ തുടരെ പറന്നപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ റോക്കറ്റ് വേഗത്തിലായി. ഒരു ഘട്ടത്തില്‍ രോഹിത് ശര്‍മയുടെ മിന്നല്‍ പ്രകടനം കണ്ടുനില്‍ക്കാനായിരുന്നു രാഹുലിന്റെ വിധി. ഒടുവില്‍ രോഹിതിന് തുടരെ സ്ട്രൈക്ക് കൈമാറി രാഹുല്‍ ആ തീ ആളിക്കത്തിച്ചു. 35 പന്തില്‍ നിന്ന് ട്വന്റി 20യിലെ വേഗതയേറിയ സെഞ്ച്വറി പൂര്‍ത്തിയാക്കിയിട്ടും രോഹിത് ആക്രമണവീര്യം ഒട്ടും തണുപ്പിച്ചില്ല. ഒടുവില്‍ 43 പന്തില്‍ നിന്ന് 118 റണ്‍സ് എടുത്തുനില്‍ക്കെ ചമീരയുടെ പന്തില്‍ രോഹിത് ഇന്നിങ്സ് അവസാനിപ്പിച്ചു. പത്തു സിക്സറുകളും 12 ബൌണ്ടറികളുമാണ് രോഹിതിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

നായകന്‍ പകര്‍ന്ന ഊര്‍ജത്തില്‍ നിന്ന് അര്‍ധ ശതകം തികച്ച ശേഷം രാഹുലും ഇന്‍ഡോറില്‍ കത്തിപ്പടര്‍ന്നു. 49 പന്തില്‍ നിന്ന് എട്ടു സിക്സറുകളുടെ അകമ്പടിയോടെ 89 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമാണ് രാഹുലും പിന്‍വാങ്ങിയത്. അപ്പോഴേക്കും ഇന്ത്യയുടെ സ്കോര്‍ രണ്ടിന് 243 റണ്‍സ് എന്ന ശക്തമായ നിലയില്‍ എത്തിയിരുന്നു. തുടര്‍ന്നു വന്ന ധോണിയും ഹര്‍ദിക് പാണ്ഡ്യയുമൊക്കെ പന്തുകള്‍ പാഴാക്കാതെ ലങ്കന്‍ ബോളര്‍മാരെ ശിക്ഷിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ 250 കടന്നു. 28 റണ്‍സെടുത്ത് ധോണി പാഡഴിച്ചതോടെ ഇന്‍ഡോറില്‍ ഇന്ത്യ പുതു ചരിത്രമെഴുതി കഴിഞ്ഞിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയ ശ്രേയസ് അയ്യര്‍ മാത്രമാണ് ടീം ഇന്ത്യയില്‍ നിരാശപ്പെടുത്തിയത്. ഒടുവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് എന്ന പടുകൂറ്റന്‍ സ്കോര്‍ ലങ്കക്ക് മുന്നില്‍ വെല്ലുവിളിയായി ഉയര്‍ത്തി ഇന്ത്യ പാഡഴിച്ചു.

Leave A Reply

Your email address will not be published.