Take a fresh look at your lifestyle.

മനസ്സുനിറച്ച് അരവിന്ദന്റെ അതിഥികൾ

സൂപ്പർസ്റ്റാർ അശോക് രാജിന്റെ കളിക്കൂട്ടുകാരനായ ബാർബർ ബാലന്റെ കഥ പറഞ്ഞ് മലയാളി പ്രേക്ഷകരെ മനസ്സുനിറച്ച സംവിധായകനാണ്‌ എം. മോഹനൻ. പിന്നീട് സംവിധാനം ചെയ്ത മാണിക്ക്യകല്ല് മികച്ച പ്രതികരണം നേടി. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം എം.മോഹനൻ ശ്രീനിവാസനുമായി ഒന്നിക്കുന്ന ചിത്രമാണ്‌ ‘അരവിന്ദന്റെ അതിഥികൾ’. വിനീത് ശ്രീനിവാസനാണ്‌ ചിത്രത്തിലെ നായകവേഷം കൈകാര്യം ചെയ്തിരിക്കുന്നത്. അജു വർഗ്ഗീസ്, ഉർവശി, ബിജുകുട്ടൻ , പ്രേം കുമാർ തുടങ്ങിയ താരങ്ങൾ മുഖ്യവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ലവ് 24/7 ഫെയിം നിഖില വിമൽ ആണ്‌ നായികയാവുന്നത്. ചിത്രം ഏപ്രിൽ 27 ന്‌ റിലീസ് ചെയ്തു.

മൂകാംബിക ക്ഷേത്രസന്നിദ്ധിയിൽ വെച്ചാണ്‌ ചിത്രം തുടങ്ങുന്നത്. അമ്മ ഉപേക്ഷിച്ച് പോകുന്ന അരവിന്ദൻ എന്ന കൊച്ചുപയ്യൻ ആൾക്കൂട്ടത്തിൽ അമ്മയെ അന്വേഷിച്ച് നടക്കുന്നു. കരഞ്ഞുതളർന്ന അരവിന്ദനെ മാധവൻ (ശ്രീനിവാസൻ) എടുത്ത് വളർത്തുന്നു. മൂകാംബികയിൽ ഗസ്റ്റ് ഹൗസ് നടത്തുന്ന മാധവന്റെ സഹായിയായി അരവിന്ദൻ വളരുന്നു. ക്ഷേത്രപരിസരങ്ങളിൽ വിവിധ ജോലികൾ ചെയ്യുന്നവർക്കും, താമസിക്കാൻ വരുന്ന അതിഥികൾക്കും ഏറെ പ്രിയങ്കരനായി മാറുന്ന അരവിന്ദൻ(വിനീത് ശ്രീനിവാസൻ) മൂകാംബികയിൽ അരങ്ങേറ്റത്തിനു വരുന്ന വരദയെയും കുടുംബത്തേയും തന്റെ ഗസ്റ്റ് ഹൗസിലേക്ക് ക്ഷണിക്കുന്നു. ഇവരെ ചുറ്റിപറ്റി നടക്കുന്ന ഒരുപാട് നർമ്മമുഹൂർത്തങ്ങളുമായി കഥ മുന്നോട്ട് പോവുന്നു. പതിയെ അരവിന്ദന്റെ കഥകളിലേക്ക് ചിത്രത്തിന്റെ ഗതി മാറുമ്പോൾ വൈകാരികമായ മറ്റൊരു തലത്തിലേക്ക് പ്രേക്ഷകർ സഞ്ചരിക്കുന്നു.

വരദയുടെ അമ്മയായി വന്ന് കയ്യടി നേടിക്കൊണ്ട് ഉർവശി തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി. ചിത്രത്തിന്റെ എറ്റവും മികച്ച തമാശരംഗങ്ങൾ തന്നെ ഉർവശിയുടെ കഥാപാത്രത്തെ ചുറ്റിപറ്റിയാണ്‌. വിനീത് ശ്രീനിവാസന്റെ ഒരു നടനിലേക്കുള്ള വളർച്ച പൂർണ്ണതയിൽ എത്തിയ പ്രതീതി ആയിരുന്നു ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും കിട്ടുന്നത്. അത്രക്ക് മനോഹരമായിട്ടാണ്‌ പല രംഗങ്ങളിലും അഭിനയം കാഴ്ച്ചവെച്ചത്. അജു വർഗ്ഗീസും, ബിജുകുട്ടനും, കോട്ടയം നസീറും പ്രേം കുമാറും എല്ലാം തന്നെ തങ്ങളുടെ റോൾ ഗംഭീരമാക്കി. ശ്രീനിവാസന്‌ കുറച്ച് പ്രാധാന്യം കുറഞ്ഞുപോയപോലെ തോന്നി.

മൂകാംബിക ആണ്‌ അരവിന്ദന്റെ അതിഥികളെ മനോഹരമാക്കുന്നത്. അതിലെ ഓരോ ഭംഗിയും ഒപ്പിയെടുക്കുകയും ഗാനരംഗങ്ങളെ മികച്ച ഫ്രയിമുകൾ കൊണ്ട് മോടികൂട്ടുകയും ചെയ്ത സ്വരൂപ് ഫിലിപ്പ് എന്ന ചായാഗ്രാഹകൻ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ചിത്രത്തിന്റെ മറ്റൊരു സവിശേഷത ഷാൻ റഹ്മാന്റെ കയ്യൊപ്പ് പതിഞ്ഞ ഗാനങ്ങളും, പശ്ചാത്തലസംഗീതവുമാണ്‌. മൂകാംബിക നടയിലൂടെ നടക്കുന്ന അനുഭവമാണ്‌ ചില രംഗങ്ങളുടെ പശ്ചാത്തല സംഗീതത്തിലൂടെ പ്രേക്ഷകർക്ക് ലഭിക്കുന്നത്. ‘രാസാത്തി’ എന്ന ഗാനം മികച്ച് നിന്നു. അതിലെ രംഗങ്ങളും. ‘ആനന്ദമേ’ എന്ന ഗാനം ദൃശ്യഭംഗികൊണ്ട് മനോഹരമായി. പശ്ചാത്തല സംഗീതമായി മുഴങ്ങുന്ന ‘കണ്ണേ തായ്മലരെ’ എന്ന ഗാനം മാതൃസ്നേഹം നിറയുന്നതാണ്‌. തുടക്കം തൊട്ടെ മനസ്സിൽ ഒരു വിങ്ങലാണ്‌ ആ ഗാനം. രഞ്ചൻ അബ്രഹാമിന്റെ ഏഡിറ്റിംഗ് മികച്ച് നിന്നു. എങ്കിലും കുറേ നൃത്തരംഗങ്ങൾ ഒഴിവാക്കാമായിരുന്നു. ചിലയിടങ്ങളിൽ അതു കല്ലുകടിയായി തോന്നി. ചിത്രത്തിലുടനീളം കാണിച്ചിരിക്കുന്ന, കഥയുടെ ഒഴുക്കിന്‌ മുഖ്യപങ്ക് വഹിക്കുന്ന പെയിന്റിങ്ങുകളും, ഗ്രാഫിക്സും മനോഹരമായി.

മലയാളത്തിലെ അടുത്ത കാലത്തിറങ്ങിയ ഫീൽ ഗുഡ് ജനുസിൽ പെട്ട ചിത്രങ്ങളിൽ മുന്നിൽ തന്നെയാണ്‌ ഈ ചിത്രം. അരവിന്ദനും അതിഥികളും ഒരുപാട് ചിരിപ്പിച്ച് ഒരിറ്റ് കണ്ണീരും സമ്മാനിച്ച് പ്രേക്ഷകർക്ക് അപ്രതീക്ഷിതമായ ഒരു അനുഭൂതി സമ്മാനിക്കുന്നു. ഒരു ഫാമിലി എന്റർട്രയ്നർ പ്രതീക്ഷിച്ച് പോകുന്ന പ്രേക്ഷകനെ ഒട്ടും നിരാശപ്പെടുത്തില്ല ഈ പടം. മൂകാംബികയും അവിടുത്തെ ആൾക്കൂട്ടങ്ങളും, കുടജാദ്രിയും കണ്ട്, നിറപുഞ്ചിരിയോടെ പ്രേക്ഷകർക്ക് ഈ ചിത്രം കണ്ട് മടങ്ങാം.

Leave A Reply

Your email address will not be published.